റിയാദിൽ കെട്ടിടം തകർന്നുവീണ് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു

റിയാദ്: റിയാദിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കായംകുളം സ്വദേശി കൊളങ്ങരേത്ത്‌ അബ്ദുൽ അസീസ് (50), നാഗർകോവിൽ സ്വദേശി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ മലയാളികൾ നടത്തുന്ന റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ലാസ് റസ്റ്റോറന്റിന്റെ മുൻവശം തകർന്നുവീണാണ് അപകടമുണ്ടായത്. അപകടത്തിൽ പരിസരത്ത് ഉണ്ടായിരുന്ന 5 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു രണ്ടുപേരും. കെട്ടിടം ഭാഗികമായി നിലംപൊത്തിയ അപ്പോൾ ഇരുവരും അടിയിൽപ്പെട്ടു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു അബ്ദുൽ അസീസ്. റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്.