ലോകത്ത് നാലു ദിവസത്തിനകം 10,000 പേര്‍ക്ക് ജീവഹാനി; രോഗബാധിതര്‍ 6.4 ലക്ഷം

23

റസാഖ് ഒരുമനയൂര്‍
അബുദാബി: ലോക രാജ്യങ്ങളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ഭീതിദമായി തുടരുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനകം 10,000 പേര്‍ക്കാണ് ജീവഹാനിയുണ്ടായത് എന്നത് ആഗോള തലത്തില്‍ ആശങ്ക പതിന്മടങ്ങായി വര്‍ധിപ്പിക്കുകയാണ്. ഇതു വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ രേഖപ്പെടുത്തിയത്. 6.4 ലക്ഷം പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇവരില്‍ കാല്‍ ലക്ഷത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ റി പ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കൊറോണ ബാധിതരുടെ രാജ്യമായി അമേരിക്ക മാറിയെന്നത് അന്താരാഷ്ട്ര ആരോഗ്യ പ്രവര്‍ത്തകരെ പോലും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 1.1 ലക്ഷം പേരാണ് ഇവിടെ കൊറോണ വൈറസിന് ഇരകളായിട്ടുള്ളത്. 1,800 പേര്‍ മരിച്ച യുഎസില്‍ കാല്‍ ലക്ഷത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. അതുകൊണ്ടു തന്നെ, വരുംദിവസങ്ങളിലെ മരണസംഖ്യ ജനങ്ങളെ കൂടുതല്‍ ഭയചകിതരാക്കിയിരിക്കുകയാണ്.
രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ഇറ്റലിയില്‍ 88,000 പേരാണ് രോഗ ബാധിതരായിട്ടുള്ളത്. 9,150 പേരാണ് ഇവിടെ മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ചൈനയില്‍ ഇന്നലെ 54 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതു വരെ 81,394 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൂന്നു പേരുടെ മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ മരണ സംഖ്യ 3,295 ആണ്. അതിവേഗം രോഗം പടര്‍ന്നു കൊണ്ടിരിക്കുന്ന സ്‌പെയിനില്‍ 24 മണിക്കൂറിനകം ഏഴായിരത്തോളം പേരെയാണ് കോവിഡ് 19 പിടികൂടിയത്. 5,700 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. മുക്കാല്‍ ലക്ഷത്തോളം പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
അയ്യായിരത്തിലേറെ പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്‌പെയിനില്‍ കൊറോണയെ പിടിച്ചു കെട്ടാന്‍ അധികൃതര്‍ കടുത്ത ശ്രമങ്ങളാണ് നടത്തി വരുന്നത്. ജര്‍മനിയില്‍ രോഗബാധിതരുടെ എണ്ണം 55,000 ആയി ഉയര്‍ന്നു. 400 പേര്‍ മരിച്ച ഇവിടെ 1,600 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണം 17,100ആയി ഉയര്‍ന്നു. ഇന്നലെ 260 പേരുടെ മരണം രേഖപ്പെടുത്തിയ ഇവിടെ മൊത്തം മരണ സംഖ്യ 1,100നോടടുക്കുകയാണ്. രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്പൂര്‍ണ വിശ്രമത്തിലും കടുത്ത നിരീക്ഷണത്തിലുമാണ്.
സ്വിറ്റ്‌സര്‍ലാന്റില്‍ ഇന്നലെ 500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗികളുടെ എണ്ണം 13,400 കടന്നു. 11 പേരാണ് ഇന്നലെ മരിച്ചത്. മരണ സംഖ്യ 242 ആണ്. നെതര്‍ലാന്റ്‌സിലും ഇന്നലെ അതിവേഗമാണ് വൈറസ് കടന്നു കയറിയത്. പുതുതായി 1,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ രോഗികളുടെ എണ്ണം പതിനായിരം കടക്കുകയാണ്. ബെല്‍ജിയത്തിലും രോഗികള്‍ പതിനായിരമായി ഉയരുന്നു. മരണ സംഖ്യ 353 ആണ്.
ഓസ്ട്രിയയില്‍ രോഗികള്‍ 9,000 ആയി. പോര്‍ച്ചുഗല്‍, നോര്‍വെ, ഓസ്‌ട്രേലിയ, ബ്രസീല്‍, ഇസ്രായേല്‍, മലേഷ്യ, ഡെന്‍മാര്‍ക്, പോളണ്ട്, റഷ്യ, തായ്‌ലാന്റ്, ഫിന്‍ലാന്റ്,ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, അര്‍ജന്റീനിയ, സെര്‍ബിയ എന്നിവിടങ്ങളിലെല്ലാം ഇന്നലെ നൂറിനു മേല്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഒരു ലക്ഷത്തിനു മുകളിലും മൂന്നു രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം മുക്കാല്‍ ലക്ഷത്തിനുമുകളിലുമാണ്.

 

ജിസിസിയില്‍ 200 പേര്‍ക്കു കൂടി കൊറോണ;
രോഗബാധിതര്‍ 3,093 ആയി ഉയര്‍ന്നു
അബുദാബി: സഊദി അറേബ്യയില്‍ ഇന്നലെ ഒരാള്‍ കൂടി കോവിഡ് 19 മൂലം മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ, മരിച്ചവരുടെ എണ്ണം നാലായി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതു വരെ 10 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ബഹ്‌റൈന്‍ 4, സഊദി അറേബ്യ 4, യുഎഇ 2 എന്നിങ്ങനെയാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ 200 പേര്‍ക്ക് കൂടി കൊറോണ വൈറസ് പിടി പെട്ടു. ഇ തോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3,093 ആയി ഉയര്‍ന്നു. സഊദി അറേബ്യയില്‍ 99 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,203 ആയി ഉയര്‍ന്നു. ഇവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതു വരെ 37 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. യുഎഇയില്‍ 63 പേര്‍ക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ യുഎഇയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 468 ആയി ഉയര്‍ന്നു.
ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 562 ആണ്. ഇതില്‍ ആറു പേര്‍ ഗുരുത രാവസ്ഥയിലാണ്. ഇതിനകം 43 പേര്‍ക്ക് ഖത്തറില്‍ രോഗം സുഖപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനില്‍ ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധയുണ്ടായതോടെ രോഗികളുടെ എണ്ണം 473 ആയി ഉയര്‍ന്നു. നാലു പേരുടെ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു രാജ്യങ്ങളിലൊന്നായ ഇവിടെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സുഖപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. 254 പേരാണ് ഇവിടെ സുഖം പ്രാപിച്ചത്.
കുവൈത്തിലും കഴിഞ്ഞ ദിവസം രോഗബാധിതരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 10 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. മൊത്തം രോഗികള്‍ 235 ആയി ഉയര്‍ന്നു. ഇവിടെ 11 പേര്‍ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. അതേസമയം, ഇതിനകം 64 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഒമാനില്‍ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 22 പേരുടെ വര്‍ധനയുണ്ടായി. 152 പേരാണ് ഇപ്പോള്‍ ഒമാനില്‍ കോവിഡ് 19 ബാധിതരായി കഴിയുന്നത്. 23 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ മുന്‍കരുതലുകളുമായാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശക്തമായ നിര്‍ദേശങ്ങളും നിബന്ധനകളും നല്‍കി രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ്. തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് വിദൂര തൊഴിലിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. പൊതുയിടങ്ങള്‍ അണുമുക്തമാക്കിയും സാമൂഹിക അകലം പാലിക്കുന്നതില്‍ സൂക്ഷ്മത ഉറപ്പ് വരുത്തിയുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കൊറോണക്കെതിരെയുള്ള പ്രതിരോധം കടുപ്പിച്ചിട്ടുള്ളത്. പ്രവാസി മലയാളികളും ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരാണ്.