വിദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശന പരിശോധന നടത്തുമെന്ന് യുഎഇ

ദുബൈ: കോവിഡ്-19 വ്യാപകമായി പടര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച്് നിരീക്ഷിക്കാന്‍ യുഎഇ തീരുമാനിച്ചു. ശ്വാസകോശ സംബന്ധമായി എന്ത്് സംശയം തോന്നിയാലും ആളുകളെ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം മാറ്റിനിര്‍ത്തിയുള്ള ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം എല്ലാ ആസ്പത്രികള്‍ക്കും നിര്‍ദേശം നല്‍കി. യുഎഇയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. പുതിയ ഗൈഡ്‌ലൈന്‍ പ്രകാരം അപ്പര്‍-ലോവര്‍ റെസ്പിറേറ്ററി ലക്ഷണങ്ങള്‍ കാണുന്നവര്‍ ആരായാലും പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലെങ്കിലും ഇവരെ ആസ്പത്രിയിലെത്തിക്കണം. പ്രധാനമായും ചൈന, ഹോങ്കോങ്്്, ഇറ്റലി, ഇറാന്‍, ജപ്പാന്‍, ജര്‍മനി, സിങ്കപ്പൂര്‍, ഫ്രാന്‍സ്, കുവൈത്ത്, ബഹ്്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെയാണ് കര്‍ശന നിരീക്ഷണത്തിനും പിന്നീട് മറ്റു നടപടികളിലേക്കും വിധേയമാക്കുക. സംശയം തോന്നുന്നവരുടെ സ്രവങ്ങള്‍ ശേഖരിച്ച് ലത്തീഫ ആസ്പത്രിയിലെ വൈറോളജി ലാബില്‍ പരിശോധിക്കും. ഫലം പുറത്തുവരുന്നതുവരെ ഇവരെ ഒറ്റക്ക് താമസിപ്പിക്കും. രോഗലക്ഷണങ്ങള്‍ ചെറുതായാലും വലുതായാലും ആസ്പത്രിയില്‍ പ്രവേശിപ്പിക്കാനും ഒറ്റക്ക് താമസിപ്പിക്കാനും തക്കതായ കാരണമാണ്.