വിസ തട്ടിപ്പില്‍ കുടുങ്ങിയ യുവതിക്ക് സഹായ ഹസ്തവുമായി ഷാര്‍ജ വനിതാ കെഎംസിസി

ഷാര്‍ജ വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ക്കൊപ്പം റുബെയ്യാന

ഷാര്‍ജ: സന്ദര്‍ശക വിസയിലെത്തി ദുരിതത്തിലായ കൊല്ലം സ്വദേശിനിക്ക് സഹായ ഹസ്തവുമായി ഷാര്‍ജ കെഎംസിസി വനിതാ വിഭാഗം കൂട്ടായ്മ. കഴിഞ്ഞ മാസം 10നാണ് കൊല്ലം സ്വദേശിനി റുബെയ്യാന വിസിറ്റ് വിസയില്‍ ഷാര്‍ജയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വരുമെന്നറിയിച്ച വ്യക്തി നാട്ടിലേക്ക് മുങ്ങിയതാണ് ഇവരെ പ്രതിസന്ധിലെത്തിച്ചത്. വിസയെടുത്ത് നല്‍കിയത് പള്ളിമുക്ക് സ്വദേശി അഷ്‌റഫാണെന്ന് ഇവര്‍ പറയുന്നു. എയര്‍പോര്‍ട്ടില്‍ ആരും എത്താതെ ബുദ്ധിമുട്ടിയ ഇവര്‍, അവിടെ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയോട് സഹായമഭ്യര്‍ത്ഥിച്ചു. അങ്ങനെ, ഷാര്‍ജയില്‍ ജോലിയന്വേഷണത്തിന് താത്കാലിക താമസമൊരുങ്ങി. എന്നാല്‍, ആ സ്ത്രീ നാട്ടില്‍ പോയതോടെ വാടക കൊടുക്കാനില്ലാതെ പ്രയാസമനുഭവിക്കാന്‍ തുടങ്ങി. തുടര്‍ന്ന്, റൂമില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. അങ്ങനെയാണ് ഷാര്‍ജയിലെ പാര്‍ക്കില്‍ ഇവര്‍ കഴിഞ്ഞു കൂടേണ്ടി വന്നത്. ആറു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ രണ്ടു പെണ്‍മക്കളും, നെഞ്ചുവേദനയുമായി ആശുപത്രിയിലുള്ള മാതാവും അടങ്ങുന്ന കുടുംബത്തിന് അത്താണിയാവാനാണ് തൊഴിലെടുക്കാന്‍ ഷാര്‍ജയിലെത്തിയത്. എന്നാല്‍, മടക്ക യാത്രക്ക് നിവൃത്തിയില്ലാതെ ഷാര്‍ജയിലെ പാര്‍ക്കില്‍ കഴിയുന്ന വിവരം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഷാര്‍ജ കെഎംസിസി വനിതാ വിഭാഗം പ്രസിഡണ്ട് ഫെബിനയുമായി സംസാരിച്ചു. വനിതാ വിഭാഗം പ്രവര്‍ത്തകരായ ഫെബിന റഷീദ്, റുബീന, ഷീജ അബ്ദുല്‍ ഖാദര്‍, ഷജില അബ്ദുല്‍ വഹാബ്, ഹസീന റഫീഖ്,സബീന ഇഖ്ബാല്‍, സഫീറ മുനീര്‍, സഫിയത്ത് നവാസ്, നസീമ ഖാലിദ്, ഫാത്തിമ ഫര്‍ഹ, സുഹറ അഷ്‌റഫ് തുടങ്ങിയവരാണ് തിരിച്ചു പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്.

ഫോട്ടോ:
ഷാര്‍ജ വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ക്കൊപ്പം റുബെയ്യാന