വ്യക്തി ശുചിത്വ ഉല്‍പന്നങ്ങള്‍ യൂനിയന്‍ കോപ്പില്‍ യഥേഷ്ടം: ഡോ. അല്‍ബസ്തകി

ഡോ. സുഹൈല്‍ അല്‍ബസ്തകി

ദുബൈ: പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് യുഎഇയിലെ മുന്‍നിര സഹകരണ ഉപഭോക്തൃ സംരംഭമായ യൂനിയന്‍ കോപ്പ്
വ്യക്തി ശുചീകരണ ഉല്‍പന്നങ്ങളുടെയും ശുചീകരണ വസ്തുക്കളുടെയും വിപുലമായ സ്‌റ്റോക്ക് ഒരുക്കിയതായി ഹാപ്പിനസ് ആന്റ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ബസ്തകി വ്യക്തമാക്കി. കൈ അണുമുക്തമാക്കാന്‍ ഉപയോഗിക്കുന്ന ഹാന്റ് സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധനയില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കാന്‍ എല്ലാ യൂനിയന്‍ കോപ്പ് ബ്രാഞ്ചുകളിലും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ശുചീകരണ വസ്തുക്കളുടെ വിലവര്‍ധന എന്നത് യൂനിയന്‍ കോപ്പിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുന്ന സുസ്ഥിരമായ ദേശീയ സമ്പദ് വ്യവസ്ഥയാണ് നാം വിഭാവനം ചെയ്യുന്നത്.
വിലയില്‍ കൃത്രിമം സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള മോശം പ്രവണതകള്‍ തടയാനും യൂനിയന്‍ കോപ്പ് എല്ലാ വിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചന നടത്തി വില തട്ടിപ്പും ഉല്‍പന്ന ക്ഷാമവും തടയാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷ്യ-ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍, വ്യക്തിഗത ആവശ്യത്തിനുള്ള വസ്തുക്കള്‍ എന്നിവയുടെ ദൗര്‍ലഭ്യതയെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്നും ഡോ. അല്‍ബസ്തകി അറിയിച്ചു. വിതരണക്കാരും ഉല്‍പാദകരും ഫാക്ടറി അധികൃതരുമായി ഏകോപനം നടത്തി ഇത്തരം ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ യഥേഷ്ടം സ്‌റ്റോക്ക് ചെയ്യുകയും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നത് യൂനിയന്‍ കോപ്പിന്റെ തന്ത്രപ്രധാനമായ പ്രവര്‍ത്തന രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.