മുതിര്‍ന്നവരേയും കുട്ടികളേയും ഒഴിവാക്കി
ന്യൂഡല്‍ഹി: കോവിഡ് ഭീതിക്കിടയിലും ഷാഹിന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്നു. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധ സമരത്തില്‍ നിന്നും പ്രായമായ സ്ത്രീകളേയും കുട്ടികളേയും ഒഴിവാക്കാന്‍ തീരുമാനിച്ചു.
ഇതോടൊപ്പം കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സമര പന്തലില്‍ നാലു മണിക്കൂറില്‍ കൂടുതല്‍ ഒരാളെ ഇരിക്കാന്‍ അനുവദിക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു. സമര പന്തലില്‍ ഇനി മുതല്‍ അനൗണ്സ്മെന്റുകളോ, മൈക്കോ ഉപയോഗിക്കേണ്ടതില്ലെന്നും നിശബ്ദ സമരമായി പ്രക്ഷോഭം തുടരാനും തീരുമാനിച്ചു. ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ സമയത്തും സമര പന്തലില്‍ തന്നെ തുടരുമെന്നും ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച തങ്ങള്‍ ചെറു ടെന്റുകളിലായി പ്രതിഷേധ സ്ഥലത്ത് ഇരിക്കുമെന്നും ഓരോ ടെന്റുകളിലും രണ്ട് സ്ത്രീകള്‍ വീതം ഒരു മീറ്റര്‍ അകലത്തിലായിരിക്കും ഇരിക്കുകയെന്നും പ്രതിഷേധക്കാരില്‍ ചിലര്‍ അറിയിച്ചു. കോവിഡ് 19 രോഗം പടരുന്ന പശ്ചാതലത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്ത് തന്നെയാണ് ഇവിടെ സ്ത്രീകള്‍ പ്രതിഷേധ പന്തലില്‍ ഇരിക്കുന്നതെനനും പ്രതിഷേധക്കാരിലൊരാളായ റിസ്വാന പറഞ്ഞു. 70 വയസില്‍ കൂടിയവരെയും 10 വയസിനു താഴെയുള്ളവരെയും സമര പന്തലിലേക്ക് വരാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സമരത്തില്‍ പങ്കെടുക്കുന്ന റിതു കൗശിക് പറഞ്ഞു.
വേണ്ടത്ര സാനിറ്റൈസറുകളും മാസ്കുകളും തയാറാക്കിയിട്ടുണ്ട്. പ്രതിഷേധ സമര പന്തല്‍ സ്ഥിരമായി അണുവിമുക്തമാക്കുന്നുണ്ടെന്നും പ്രധാന സംഘാടകരിലൊരാളായ തസീര്‍ അഹമ്മദ് പറഞ്ഞു. ഡിസംബര്‍ പകുതിയോടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷാഹിന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.