സഊദിയിലേക്ക് അധിക സര്‍വീസുകളുമായി വിമാനക്കമ്പനികള്‍

റിയാദ്: നാളെ മുതല്‍ സഊദിയിലേക്ക് യാത്രാവിലക്ക് വരുന്ന സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വിമാനക്കമ്പനികള്‍. ഇതോടെ ലീവ് റദ്ദാക്കി യാത്ര തിരിക്കാന്‍ തീരുമാനിച്ച ചുരുക്കം ചിലര്‍ക്കെങ്കിലും സഊദിയിലെത്താന്‍ അവസരമൊരുങ്ങി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വിവിധ വിമാന കമ്പനികള്‍ ഇന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സഊദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ , ഇന്‍ഡിഗോ , എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഫ്‌ളൈനാസ് എന്നിവയാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ ഇന്ന് ജിദ്ദയിലെത്തും. കൂടാതെ സഊദി എയര്‍ ലൈന്‍സ് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള ശ്രമം നടത്തി വരുന്നുണ്ട്. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ ഗ്രൂപ്പ് രണ്ട് പ്രത്യേക വിമാനങ്ങളിലായി നാനൂറോളം പ്രവാസികളെ ജിദ്ദയിലെത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രത്യേക സര്‍വീസ് ആണ് പ്രവാസികള്‍ക്കായി ഒരുക്കുന്നത്. യാത്ര വിലക്ക് ഏര്‍പെടുത്തിയയുടനെ സ്ഥാപനങ്ങളും കന്പനികളും അവധിയിലുള്ള ജീവനക്കാരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. വിമാനങ്ങളിലെല്ലാം ഓവര്‍ ബുക്കിംഗ് വന്ന സാഹചര്യത്തിലാണ് സ്വകാര്യ ഏജന്‍സികള്‍ പ്രത്യേക ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്യാന്‍ മുന്നോട്ട് വന്നത്. യാത്ര വിലക്ക് അനിശ്ചിതമായി നീണ്ടുപോയാല്‍ ജീവനക്കാരില്ലാത്ത സാഹചര്യത്തില്‍ സ്ഥാപനങ്ങളും കമ്പനികളും പ്രതിസന്ധിയിലാകുമെന്നും ജീവനക്കാര്‍ക്ക് പിന്നീട് തൊഴില്‍ പ്രതിസന്ധി നേരിടുന്നതും അല്‍പമെങ്കിലും ഒഴിവാക്കാന്‍ വിമാന കന്പനികളുടെ സഹകരണം കൊണ്ട് സാധിച്ചേക്കും. യാത്ര കൂലിയില്‍ വന്‍ വര്‍ധനവുണ്ടെങ്കിലും പ്രത്യേക സാഹചര്യം മനസിലാക്കിയാണ് നാട്ടിലുള്ളവര്‍ ലഭ്യമായ ഫ്‌ളൈറ്റുകളില്‍ സഊദിയിലേക്ക് തിരിക്കുന്നത്.