സഊദിയില്‍ ആറ് പേര്‍ സുഖം പ്രാപിച്ചു

റിയാദ്; സഊദിയില്‍ കൊറോണ ബാധിതരായ ആറ് പേര്‍ സുഖം പ്രാപിച്ചതായി സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 118 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചതില്‍ മറ്റുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിവരുന്നതായും അദ്ദേഹം അറിയിച്ചു. കൊറോണ വ്യാപനം തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി രാജ്യം മുന്നിട്ടിറങ്ങുന്‌പോള്‍ സഹകരിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ സ്വദേശികളും വിദേശികളും തയ്യാറാകണം. പഴുതടച്ച പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ‘ഭരണകൂടം എല്ലാവിധ സംവിധാനങ്ങളും സ്വീകരിക്കും. ഇതിന്റെ ‘ാഗമായി രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം പതിനാറു ദിവസം അവധി നല്‍കി . വിവിധ മന്ത്രാലയ ജീവനക്കാര്‍ക്കും ഓഫീസില്‍ ഹാജരാകേണ്ടതില്ല . ആഭ്യന്തര , ആരോഗ്യ, സൈനിക മന്ത്രാലയങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുക. സ്വാകര്യമേഖലയില്‍ അവധി അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം കൊണ്ട് വരും. ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കി കഴിഞ്ഞു . രാജ്യത്തെ മാളുകളും ഷോപ്പിംഗ് കോംപ്ലെസ്‌കളും ഇന്നലെ മുതല്‍ അടച്ചു . മാളുകളിലെ ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. ഇവിടെ അണുനാശിനിയുപയോഗിച്ചു കൃത്യമായ ശുചിത്വം ഉറപ്പ് വരുത്തുകയും 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവുകയും വേണം. മാളുകളിലെ ഫാര്‍മസികളും ഇതേനിലയില്‍ പ്രവര്‍ത്തിക്കണം. റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല പകരം പാര്‍സല്‍ മാത്രം നല്‍കും. ഒറ്റയായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഇപ്പോള്‍ തുടരുന്നുണ്ട്. ഇവിടെയും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച വിധത്തില്‍ കൃത്യമായ അണുനശീകരണം ഉറപ്പാക്കണം. കൂടാതെ പാര്‍ക്കുകളും പൊതുസ്ഥലങ്ങളും മൈതാനങ്ങളും ബീച്ചുകളും ക്യാന്പുകളും ഇന്നലെ മുതല്‍ പൂര്‍ണ്ണമായും പ്രവേശനം നിരോധിച്ചു . യാതൊരു വിധത്തിലുള്ള മീറ്റിംഗുകള്‍ അനുവദിക്കുന്നില്ല .