സഊദിയില്‍ കൊറോണ ഏഴു പേര്‍ക്ക്

റിയാദ്: സഊദിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 കണ്ടെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തു. ഇതോടെ, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി സഊദിയിലേക്ക് പ്രവേശിച്ച സ്വദേശിക്കും ഇറാഖിലെ നജാഫില്‍ നിന്ന് യുഎഇ വഴി രാജ്യത്തെത്തിയ മറ്റൊരു സ്വദേശിക്കുമാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്. രണ്ട് പേരും തങ്ങള്‍ സന്ദര്‍ശിച്ച രാജ്യങ്ങളെ കുറിച്ച് അതിര്‍ത്തി എമിഗ്രേഷനില്‍ വെളിപ്പെടുത്തിയിരുന്നില്ല.
രണ്ടു പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കുകയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഊദിയില്‍ ഇതുവരെ കണ്ടെത്തിയ ഏഴു കേസുകളില്‍ ദമ്പതികളുള്‍പ്പടെ ആറും ഇറാനില്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയവരിലാണ്. ഒരാള്‍ ഇറാഖിലെ നജഫില്‍ നിന്നാണ് സന്ദര്‍ശനം കഴിഞ്ഞെത്തിയത്. രാജ്യത്തേക്ക് കടക്കാന്‍ വേണ്ടി തങ്ങള്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ പൗരന്മാര്‍ മറച്ചു വെക്കുന്നത് മൂലം അതിര്‍ത്തിയില്‍ വെച്ച് തന്നെ തടയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഇറാനിലെത്തുന്ന സഊദി പൗരന്മാരുടെ പാസ്‌പോര്‍ട്ടുകളില്‍ എന്‍ട്രി സ്റ്റാമ്പും എക്‌സിറ്റ് സ്റ്റാമ്പും പതിക്കാത്തതിനാല്‍ സഊദിയിലേക്ക് തിരിച്ചെത്തുന്ന സ്വദേശികള്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാവില്ല.
ഇറാന്‍ സന്ദര്‍ശനത്തിന് നേരത്തെ തന്നെ സഊദി പൗരന്മാര്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ രഹസ്യമായി ഇറാന്‍ സന്ദര്‍ശിക്കുന്ന സഊദി പൗരന്മാരുടെ വിവരങ്ങള്‍ ഇറാന്‍ മൂടി വെക്കുന്നതും നിയമ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സഊദി ആരോപിച്ചിരുന്നു.
ഇറാന്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്കും വിദേശികള്‍ക്കും സഊദി ആരോഗ്യ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്ചകളില്‍ ഇറാന്‍ സന്ദര്‍ശിച്ച സഊദി പൗരന്മാര്‍ ഉടന്‍ ഇക്കാര്യം സ്വമേധയാ വെളിപ്പെടുത്തുകയും രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അറിയാന്‍ 937 എന്ന നമ്പറില്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും വേണമെന്നും നിലവില്‍ ഇറാനിലുള്ള സ്വദേശികള്‍ കൃത്യമായ വിവരങ്ങള്‍ കൈമാറണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് .
വിലക്കുണ്ടായിട്ടും ഇറാന്‍ സന്ദര്‍ശിച്ച കാര്യം 48 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിന് സ്വമേധയാ മുന്നോട്ടു വരുന്നവരെ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ച ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
വിലക്കും നിയമവും ലംഘിക്കുന്ന വിദേശികള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.