റിയാദ്: പുതുതായി 24 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സഊദിയില്‍ രോഗ ബാധിതര്‍ 103 ആയി. നിരീക്ഷണത്തിലായിരുന്ന 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രോഗ ബാധിതരില്‍ 38 പുരുഷന്മാരും 48 സ്ത്രീകളുമാണ്. രോഗം കണ്ടെത്തിയ 86 പേരില്‍ രണ്ട് കുട്ടികളൊഴിച്ചാല്‍ 49 വയസ് പ്രായമുള്ളവരാണ് ഭൂരിഭാഗവും. 33 പേര് സഊദി പൗരന്മാരും 48 ഈജിപ്ഷ്യന്‍ പൗരന്മാരും രണ്ട് ബഹ്റൈനികളും ഒരു അമേരിക്കന്‍ പൗരനും ഒരു ലബനാന്കാരനും ഒരു ബംഗ്ളാദേശിയുമാണുള്ളത്. സഊദിയിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്ത 604,000 പേരില്‍ സംശയം തോന്നിയ 4,800 കേസുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചുവെങ്കിലും 86 പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 73 പേര് മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്തു വന്നവരോ സഊദിയിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി ട്രാന്‍സിറ്റായി സഞ്ചരിച്ചവരോ ആണ്. രോഗബാധിതരോടൊപ്പം കഴിഞ്ഞവരാണ് ബാക്കിയുള്ള 13 പേര്.
യാത്രാ വിലക്ക് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പായതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അടിയന്തര ഘട്ടങ്ങളില്ലാതെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസുകള്‍ ഉണ്ടാകുന്നതല്ലെന്ന് സഊദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മാര്‍ച്ച് 13 മുതല്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നും സഊദിയിലെ വിവിധ വിമാനത്താവളങ്ങളെത്തിയവര്ക്ക് രണ്ടാഴ്ച നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയമാക്കും. വിമാനങ്ങള്‍ റദ്ദാക്കുന്നതിനു മുന്‍പായി രാജ്യത്ത് മടങ്ങിയെത്തിയവരെയാണ് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദങ്ങളില്‍ നിരീക്ഷണത്തിലാക്കുകയോ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിന് ആവശ്യപ്പെടുകയോ ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അടിയന്തിര ഘട്ടത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ ഫലമായി നാട്ടില്‍ അകപ്പെട്ടവര്‍ക്കും യാത്രാ സൗകര്യം ലഭിക്കാതെ പോയവര്‍ക്കും 15 ദിവസം അവധി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മാര്‍ച്ച് 15 മുതല്‍ 30 വരെയുള്ള കാലാവധിയായിരിക്കും ഔദ്യോഗിക കാലാവധിയായി പരിഗണിക്കുക.