സി.എ.എ; യു.പി പൊലീസ് വെടിവെച്ച് കൊന്നവരുടെ ആശ്രിതര്‍ക്ക് മുസ്‌ലിം ലീഗ് ധനസഹായം കൈമാറി

25
യു.പി പൊലീസ് വെടിവെച്ച് കൊന്നവരുടെ ആശ്രിതര്‍ക്ക് മുസ്്‌ലിംലീഗ് ധനസഹായം മീററ്റില്‍ ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍മൊയ്തീന്‍ വിതരണം ചെയ്യുന്നു. പി.വി അബ്ദുല്‍വഹാബ് എം.പി, കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ നവാസ് ഗനി എം.പി, അഡ്വ.ഇഖ്ബാല്‍ അഹമ്മദ് സമീപം

മീററ്റ്: പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ യു.പി പൊലീസ് വെടി വെച്ച് കൊന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം കൈമാറി. മീററ്റ്, കാണ്‍പൂര്‍, ബിജ് നോര്‍ എന്നിവിടങ്ങളില്‍ നിന്നു പോലീസ് വെടി വെച്ച് കൊന്ന പത്ത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് നല്‍കിയത്. സുലൈമാന്‍, അനസ്(ബിജ് നോര്‍) മുഹമ്മദ് അഫ്താബ്, മുഹമ്മദ് സൈഫ്, മുഹമ്മദ് റഈസ് (കാണ്‍പൂര്‍) മുഹ്‌സിന്‍, ജഹീര്‍, അലിം, ആസിഫ്, മുഹമ്മദ് ആസിഫ് (മീററ്റ്) എന്നിവര്‍ക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്.
മുദ്രാവാക്യം വിളികളോടെയാണ് ചടങ്ങിനെത്തിയ നേതാക്കളെ മീററ്റിലെ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ മീററ്റില്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. യോഗി പൊലീസ് കൊന്നു തള്ളിയ മനുഷ്യരുടെ കുടുംബത്തിന്റെ കൂടെ എന്നും ഉണ്ടാവുമെന്ന് മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. യു.പി പൊലീസിന്റെ ഭരണകൂട ഭീകരത മുസ്‌ലിം ലീഗ് ശക്തമായി പാര്‍ലമെന്റിലും മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലും എത്തിച്ചിരുന്നുവെന്നും ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടിയും മുസ്‌ലിം ലീഗ് ആവുന്നതൊക്കെ ചെയ്തു വരികയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നവാസ് ഗനി എം.പി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, മീററ്റ് സിറ്റി മുസ്്‌ലിം ലീഗ് പ്രസിഡണ്ട് ഇദ്രീസ് മുഹമ്മദ്, കാണ്‍പൂര്‍ ജില്ലാ പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഇഖ്ബാല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കേട്ടുകേള്‍വിയില്ലാത്ത രൂപത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അടിച്ചമര്‍ത്തിയത്. 22 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ കുടുംബങ്ങളെയെല്ലാം സഹായിക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനം. ഭരണകൂട ഭീകരത അരങ്ങേറിയ അടുത്ത ദിവസം തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം നിയോഗിച്ച യൂത്ത് ലീഗ്, എം.എസ്.എഫ് പ്രതിനിധി സംഘം യു.പിയിലെത്തിയിരുന്നു. ഇവര്‍ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് സമര്‍പ്പിച്ച ശേഷം, പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ എം.പി മാരടങ്ങുന്ന ഉന്നത തല നേതൃ സംഘം മീററ്റിലെത്തിയിരുന്നു. അന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി എടുത്ത തീരുമാന പ്രകാരം കേരളത്തില്‍ നടത്തിയ യു.പി, മംഗലാപുരം സഹായ ഫണ്ടില്‍ നിന്നാണ് തുക വിതരണം ചെയ്തത്.മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ.വി.കെ ഫൈസല്‍ ബാബു, യു.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍, മുസ്‌ലിം ലീഗ് എക്‌സിക്യുട്ടീവ് അംഗം മതീന്‍ ഖാന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, സിറാജുദീന്‍ നദ്‌വി, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് കൈസര്‍ അബ്ബാസ് സംബന്ധിച്ചു.