ദുബൈ: എമിഗ്രേഷന്‍ ഓഫീസോ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിക്കാതെ മൊബൈല്‍ ഫോണ്‍ വഴി ദുബൈയില്‍ ഫാമിലി വിസ ലഭ്യമാകുന്ന സ്മാര്‍ട് പദ്ധതി ഏറെ ശ്രദ്ധേയമാകുന്നു. ദുബൈ കീരിടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ‘ദുബൈ നൗ’ എന്ന ആപ്ളികേഷനിലൂടെയുള്ള വിസാ സേവനങ്ങളാണ് ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഈ ആപ്പിലൂടെ തന്നെ കുടുംബങ്ങളുടെ വിസകള്‍ പുതുക്കാനും, റദ്ദാക്കാനുമുള്ള സേവനങ്ങളും ലഭ്യമാണ്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് ദുബൈ(ജിഡിആര്‍എഫ്എഡി)യും സ്മാര്‍ട് ദുബൈയും സഹകരിച്ചാണ് ദുബൈയിലെ പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതി നടപ്പാക്കുന്നത്. ദുബൈ സര്‍ക്കാര്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ ഏകീകൃത സര്‍ക്കാര്‍ സേവന സ്മാര്‍ട് ആപ്പാണ് ദുബൈ നൗ.
അപ്ളികേഷന്‍ ഉപയോഗിക്കുന്നതിലൂടെ സ്റ്റാറ്റസ് പരിശോധിക്കാനും ഏതെങ്കിലും ജിഡിആര്‍എഫ്എഡി സേവനത്തിന്റെ നിലയെ കുറിച്ച് അന്വേഷിക്കാനും കഴിയുന്നതാണെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍ റി പറഞ്ഞു. ഒപ്പം തന്നെ, ഫാമിലി വിസയുടെ അപേക്ഷ കാണാനും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മോഡിഫികേഷന് നടത്താനും സാധിക്കുന്നതുമാണ്.

ദുബൈയിലെ ദൈനംദിന സര്‍ക്കാര്‍ ആവശ്യങ്ങളില്‍ ഭൂരിഭാഗവും സംയോജിപ്പിക്കുകയെന്നതാണ് ലക്ഷ്യം. അതിനാല്‍, പൊതുജനങ്ങളുടെ സന്തോഷം ഉറപ്പാക്കാന്‍ കൂടുതല്‍ സേവനങ്ങള്‍ ആപ്പില്‍ ചേര്‍ക്കാന്‍ തങ്ങള്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് സ്മാര്‍ട് ദുബൈ ഡയറക്ടര്‍ ജനറല്‍ ഡോ. ആയിഷ ബിന്ത് ബുത്വി ബിന്‍ ബിഷ്ര് അറിയിച്ചു. ആപ്പ് സ്റ്റോറില്‍ നിന്നും പ്ളേ സ്റ്റോറില്‍ നിന്നും ‘ദുബൈ നൗ’ എന്ന് ടൈപ് ചെയ്താല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പിലൂടെ തന്നെ ഇതര ദുബൈ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒട്ടനവധി സേവനങ്ങളും ലഭിക്കുന്നതാണ്
