സ്‌നേഹപുരം പുരസ്‌കാരം: പ്രശാന്ത് രഘുവംശത്തിന് മാധ്യമശ്രീ; ആലങ്കോട് ലീലാകൃഷ്ണന് ഹരിതശ്രീ

43

അബുദാബി: സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ കൂട്ടായ്മയായ ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ ഈ വര്‍ഷത്തെ സ്‌നേഹപുരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമശ്രീ പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം അര്‍ഹനായി. ഹരിതാക്ഷര പുരസ്‌കാരത്തിന് പ്രമുഖ കവി ആലങ്കോട് ലീലാകൃഷ്ണനും അര്‍ഹരായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫിലും നാട്ടിലും മാധ്യമ-ജീവകാരുണ്യ രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഗ്രീന്‍ വോയ്‌സ് അവാര്‍ഡുകള്‍ നല്‍കുന്നത്. ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ ഗ്രീന്‍ വോയ്‌സ് 16-ാം വാര്‍ഷികാഘോഷ ഭാഗമായി ഒരുക്കുന്ന എജുഎക്‌സ്‌ലന്‍സ് അവാര്‍ഡ് മലപ്പുറം വളാഞ്ചേരിയില്‍ സംഘടിപ്പിക്കും. ലുലു ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യാതിഥിയാകും. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ഖലീജ് ടൈംസ്), സനീഷ് നമ്പ്യാര്‍ (മാതൃഭൂമി ന്യൂസ്), നിസാര്‍ സെയ്ദ് (ദുബൈ വാര്‍ത്ത), ബിന്ദു രാജന്‍ (പ്രവാസി ഭാരതി) എന്നിവരാണ് പുര സ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍. കെ.കെ മൊയ്തീന്‍ കോയ, ടി.കെ അബ്ദുല്‍ സലാം, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ലുലു ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍ ഓഫീസര്‍ വി.നന്ദകുമാര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. 5ന് വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഒരുക്കുന്ന വിപുല പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഗ്രീന്‍ വോയ്‌സ് നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനവും അന്ന് നടക്കും. ഇതിനകം നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കിയ സംഘടന പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന നാലു വീടുകളുടെ താക്കോല്‍ ദാനം മെയ് അവസാന വാരം നടക്കും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും രോഗികള്‍ക്ക് ചികിത്സാ സംവിധാനവും സാമ്പത്തിക സഹായവും നല്‍കി വരുന്നുണ്ട്. ലുലു എക്‌സേഞ്ച് മാനേജര്‍ അജിത് ജോണ്‍സണ്‍, ടി.കെ അബ്ദുല്‍ സലാം, അബൂബക്കര്‍ സെയ്ഫ് ലൈന്‍, സി.എച്ച് ജാഫര്‍ തങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ:
ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍ ഓഫീസര്‍ വി.നന്ദകുമാര്‍ സ്‌നേഹപുരം പുരസ്‌കാരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു