കുവൈത്തില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

45

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ ആകെ ബാധിതരുടെ എണ്ണം 289 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ 11 സ്വദേശികളും 2 ബംഗ്‌ളാദേശികളുമാണ്. ഇതില്‍ 73 പേര്‍ രോഗമുക്തരാണ്. പുതിയതായി കൊറോണ മുക്തയായത് 82 വയസുള്ള സ്ത്രീയാണന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സബാഹ് അറിയിച്ചു. അത്യാഹിത വിഭാഗത്തിലുള്ളവര്‍ 17 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 ഇന്ത്യക്കാരില്‍ ഒരു മലയാളി ഗര്‍ഭിണിയും ഉള്‍പ്പെട്ടിട്ടുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. വിമാന സര്‍വീസുകളും അതിര്‍ത്തികളും അടച്ച് ഭാഗിക കര്‍ഫ്യൂ പൂര്‍ണമാണെങ്കിലും സ്വകാര്യ മേഖലക്ക് അവധിയില്ലാത്തതാണ് കുവൈത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമാകുന്നതെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, മഹ്ബൂല തുടങ്ങിയ ഏരിയകളില്‍ സമ്പൂര്‍ണ കര്‍ഫ്യൂവോ ലോക്ക് ഡൗണോ പ്രഖ്യാപിക്കണമെന്ന് നിരവധി എംപിമാര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ദേശീയ സമ്പദ് വ്യവസ്ഥയെയും അതിന്റെ വിവിധ മേഖലകളെയും ബാധിക്കുന്ന കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ ചുമതലയുള്ള കുവൈത്ത് സാമ്പത്തിക മന്ത്രാലയ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ മൂലം ഏര്‍പ്പെടുത്തിയ സാമ്പത്തികവും സാമൂഹികവുമായ അടച്ചു പൂട്ടലുകള്‍ കാരണം നിര്‍ബന്ധിതമായി നിര്‍ത്തി വെച്ചിരിക്കുന്ന കമ്പനികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള നടപടിക്രമങ്ങള്‍ ഈ പാക്കേജ് കൈകാര്യം ചെയ്യുന്നുവെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. പ്രതിസന്ധിയെ തുടര്‍ന്ന് സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിനായി പുതിയ പാക്കേജിന് കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.