102 പേര്‍ക്ക് പരിക്കേറ്റത് വെടിയേറ്റ്‌

9
കലാപത്തില്‍ നശിപ്പിക്കപ്പെട്ട വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു

പരിക്കേറ്റ 500 പേരില്‍ ഭൂരിപക്ഷവും മുസ്്‌ലിം യുവാക്കള്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആസൂത്രിത കലാപത്തില്‍ 500 പേര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പൊലീസ്. പരിക്കേറ്റവരില്‍ 102 പേര്‍ക്ക് വെടിയേറ്റ പരിക്കുകളും 171 പേര്‍ക്ക് മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലേറ്റ പരിക്കുകളുമാണെന്ന് ഡല്‍ഹി പൊലീസ് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്കും കല്ലേറിലും തീ പൊള്ളലേറ്റും പരിക്കേറ്റിട്ടുണ്ട്. അതേ സമയം കലാപത്തില്‍ മരിച്ച 49 പേരില്‍ എത്ര പേരാണ് വെടിയേറ്റ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും 20ല്‍ അധികം പേര്‍ മരിച്ചത് വെടിയേറ്റാണെന്നാണ് കണക്ക്. ജി.ടി.ബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് കലാപത്തില്‍ പരിക്കു പറ്റിയവരില്‍ ഏറെയും മര്‍ദ്ദനങ്ങളേറ്റവരും കല്ലേറില്‍ പരിക്കേറ്റവരുമാണ്. ആദ്യം പരിക്കേറ്റ് എത്തിച്ചവരിലേറെയും വെടിയേറ്റവരായിരുന്നു. പിന്നീടുള്ളവരെല്ലാം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റവരായിരുന്നു. ഇത് വെടിയേറ്റവരേക്കാളും രണ്ട് മടങ്ങ് അധികമാണെന്ന് ജി.ടി.ബി ആശുപത്രിയിലെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സുനില്‍ കുമാര്‍ പറഞ്ഞു. ജി.ടി.ബി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിക്കേറ്റ് ചികിത്സ തേടിയത് (279). 38 മൃതദേഹങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. ആശുപത്രി രേഖകള്‍ അനുസരിച്ച് പരിക്കേറ്റവരില്‍ 60 ശതമാനവും 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. പരിക്കേറ്റവരില്‍ ആറു സ്ത്രീകള്‍ ഒഴികെ ബാക്കി പുരുഷന്‍മാരാണ്. മരണപ്പെട്ടവരിലും ഭൂരിപക്ഷവും 40ന് താഴെ പ്രായമുള്ളവരാണ്. ഖജൂറി ഖാസില്‍ കലാപകാരികള്‍ തീയിട്ട വീടിനുള്ളില്‍ വെന്ത് മരിച്ച 85കാരിയാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കൂടിയയാള്‍. ഫെബ്രുവരി 22 മുതല്‍ 29 വരെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത് 21,000ല്‍ അധികം കോളുകളാണ്. വര്‍ഗീയ കലാപം രൂക്ഷമായ 24, 25 തീയതികളില്‍ മാത്രം 13,000ല്‍ അധികം കോളുകളാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. അടുത്ത ദിവസം 6000 കോളുകളും ലഭിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട് 72 മണിക്കൂര്‍ സമയത്തേക്ക് മുസ്്‌ലിം, ഹിന്ദു വീടുകളില്‍ നിന്നും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഭൂരിപക്ഷം ഫോണ്‍കോളുകള്‍ക്കും മറുപടി ലഭിച്ചിരുന്നില്ല. ഡല്‍ഹി കലാപം അന്വേഷിക്കുന്നതിനായി രൂപീകരിച്ച രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് (എസ്. ഐ.ടി) 49 പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ ഇതുവരെ ഒരു ബ്രേക്ക് ത്രൂ പോലും കണ്ടെത്താനായിട്ടില്ല. കലാപത്തിന്റെ യഥാര്‍ത്ഥകാരണം എസ്.ഐ.ടി കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നിലുള്ള വന്‍ഗൂഡാലോചനയും അമ്പേഷണ പരിധിയിലുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. കലാപത്തിന് കാരണക്കാരനെന്ന് പ്രതിപക്ഷ പാര്‍ട്ടികളും പൗരസമൂഹവും ഒരു പോലെ ആരോപിക്കുന്നത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയെയാണ്. ജഫറാബാദിലെ സി.എ. എ വിരുദ്ധ സമരക്കാരെ മൂന്ന് ദിവസത്തിനകം ഒഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ തങ്ങള്‍ നിയന്ത്രിക്കുമെന്നും ഫെബ്രുവരി 23ന് കപില്‍ മിശ്ര പൊലീസിന് അന്ത്യശാസനം നല്‍കിയിരുന്നു. മിശ്രയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കലാപം ഉണ്ടായത്. കലാപകാരികള്‍ തോക്കെടുത്ത് വെടിവെക്കാന്‍ തുടങ്ങിയത് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ വിദ്വേഷ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും ആരോപണമുണ്ട്. രാജ്യദ്രോഹികളെ വെടിവെക്കൂവെന്നായിരുന്നു താക്കൂറിന്റെ പ്രസംഗം.