1,299 പേര്‍ക്ക് രോഗബാധ, 66 പേര്‍ക്ക് രോഗശമനം; സഊദിയില്‍ മരണം 8

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 ബാധയേറ്റ് സഊദിയില്‍ മരണം എട്ടായി. അതേസമയം, 66 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിതീകരിച്ചതോടെ സഊദിയില്‍ 1,299 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 28 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും നിലവില്‍ ക്വാറന്റീനില്‍ കഴിയുന്നവരുമാണ്. 68 പേര്‍ വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. റിയാദിലാണ് 27 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ദമ്മാം 23, മദീന 14, ജിദ്ദ 12, മക്ക 7, അല്‍ഖോബാര്‍ 4, ദഹ്‌റാന്‍ 2, ഖത്തീഫ് 1, രാസ്തനൂറ 1, സൈഹാത്ത് 1, ഹൊഫുഫ് 1, തായിഫ് 1, ഖമീസ് മുശൈത്ത് 1, തബൂക്ക് 1 എന്നിവിടങ്ങളിലാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതും രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും ശുഭവാര്‍ത്തായാണെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതിന്റെ ശുഭസൂചനകള്‍ വന്നു തുടങ്ങിയതായാണ് വാര്‍ത്ത.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ജിദ്ദയില്‍ കര്‍ഫ്യൂ നേരത്തെയാക്കി. വൈകുന്നേരം മൂന്നു മണി മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ഫ്യൂവില്‍ റിയാദ്, മക്ക, മദീന തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സമയക്രമം മാറ്റിയിരുന്നു. മദീനയില്‍ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറിടങ്ങളിലാണ് സമ്പൂര്‍ണ അടച്ചിടല്‍. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ സമയം നീട്ടിയത്. മറ്റു നഗരങ്ങളില്‍ നിലവിലുള്ള സമയം രാത്രി 7 മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ എന്നുള്ളത് തുടരും. ഏതെങ്കിലും പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതത് ഗവര്‍ണറേറ്റുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമാക്കുന്നതോടൊപ്പം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍. കര്‍ഫ്യൂ ലംഘിക്കുന്നവരെ പൊലീസ് പിടികൂടുന്നുണ്ട്.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ പിടിയിലായാല്‍ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരം റിയാലും മൂന്നാം തവണ ഇരുപത് ദിവസത്തെ തടവുമാണ് ശിക്ഷ. സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാവേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സാമൂഹിക വ്യാപനത്തിന്ന് വഴി വെക്കരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ക്കും കര്‍ഫ്യൂവിനെതിരെയുള്ള പ്രതികരണങ്ങള്‍ക്കും അഞ്ച് വര്‍ഷം തടവും മൂന്ന് മില്യന്‍ സഊദി റിയാല്‍ പിഴയുമാണ് ശിക്ഷ. ഔദ്യോഗികമാല്ലാത്ത യാതൊരു വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.