യുഎഇയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്-19

    ദുബൈ: യുഎഇയില്‍ 13 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. പുതുതായി ഏഴ് പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടതോടെ ആകെ 38 പേര്‍ സുഖം പ്രാപിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥിരീകരിച്ച രോഗികളില്‍ നാലുപേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്, മൂന്ന് പേര്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ളവരാണ്, ഒരാള്‍ വീതം പോര്‍ച്ചുഗല്‍, പോളണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
    ചുമയും മറ്റു ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ പല്ല് സംബന്ധിച്ച ചികിത്സകള്‍ മാറ്റിവെക്കണമെന്ന് അബുദാബി ആരോഗ്യവകുപ്പിലെ പകര്‍ച്ചവ്യാധി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ.ഫരീദ അല്‍ഹൊസാനി പറഞ്ഞു. അസുഖം തോന്നുന്നവര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയണം. സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് നേരെ നിയമനടപടി സ്വീകരിക്കും. പൗരന്മാരും താമസക്കാരും കൂട്ടത്തോടെയുള്ള യാത്രയില്‍ നിന്നും മാറിനില്‍ക്കണം. ഹോട്ടലുകളിലും മാര്‍ക്കറ്റുകൡലും പോകുന്നവര്‍ ഇന്‍ഫക്ഷന്‍ ബാധിക്കാതെ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.