കുവൈത്തില്‍ ആകെ 22 പേര്‍ രോഗമുക്തി നേടി; 137 പേര്‍ ചികിത്സയില്‍ :

മുഷ്താഖ് ടി.നിറമരുതൂര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനൊന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ 159 കേസുകളായി. ഇതില്‍ 22 പേര്‍ രോഗമുക്തി നേടിയതായും ബാക്കി 137 പേര്‍ ചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് മേധാവി ഡോ. അബ്ദുള്ള അല്‍സനദ് പ്രതിദിന അവലോകനത്തില്‍ വാര്‍ത്താലേഖകരെ അറിയിച്ചു. ചികിത്സയിലുള്ളവരില്‍ അഞ്ച് പേരുടെ നില ഗുരുതമായി തുടരുന്നതിനാല്‍ ഐ.സി.യു.വിലാണെന്നും നിരീക്ഷണത്തിലുണ്ടായിരുന്ന 574 പേര്‍ ആശുപത്രി വിട്ടതായും ഡോ. സനദ് പറഞ്ഞു. അതേ സമയം മിഷ്രഫ് ഫെയര്‍ ഗ്രൗണ്ടില്‍ ആരോഗ്യ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ കൊറോണ വൈദ്യ പരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ അവരവരുടെ താമസ സ്ഥലത്തിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി വ്യക്തിഗത പരിശോധനയക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 29 ന് ശേഷം കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ഈജിപ്പത്, സിറിയ ലെബനന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശോധന സംഘടിപ്പിച്ചിരുന്നത്.