2019ല്‍ 1,560 കിലോ നാര്‍കോട്ടിക്‌സ് പിടികൂടി മയക്കുമരുന്ന് വേട്ടയില്‍ ദുബൈ പൊലീസ് മുന്നില്‍

16

ഫോട്ടോ-
ദുബൈയില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് ദുബൈ പൊലീസ് മേധാവികള്‍ വിശദീകരിക്കുന്നു-വാം

ദുബൈ: അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ മയക്കുമരുന്ന് വേട്ടയില്‍ ദുബൈ പൊലീസ് മുന്നില്‍. 2019 വര്‍ഷം അവസാനിച്ചപ്പോള്‍ 1,560 കിലോ മയക്കുമരുന്ന് പിടികൂടി. ഒപ്പം 14.8 മില്യന്‍ നാര്‍കോട്ടിക് ഗുളികകളും പിടിച്ചെടുത്തു. ഈ കാലയളവില്‍ പൊലീസ് സേന 58 മയക്കുമരുന്ന കടത്ത് വെബസൈറ്റുകളും തകര്‍ത്തിട്ടുണ്ട്. കൂടാതെ 572 കിലോഗ്രാം നിയമവിരുദ്ധ മരുന്നുകള്‍ പിടിച്ചെടുക്കുകയും 215 ആളുകളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മയക്കുമുരുന്നുകടത്തുമായി ബന്ധപ്പെട്ട് 88 കേസുകളാണ് ദുബൈ പൊലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ദുബൈ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മറിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആഭ്യന്തരവും രാജ്യാന്തരവുമായി നടക്കുന്ന മയക്കുമരുന്ന് കടത്ത് രാജ്യത്ത് തടയുന്നതിന് പ്രയത്‌നിക്കുന്ന ദുബൈ പൊലീസിലെ ആന്റ് നാര്‍കോട്ടിക് വിഭാഗത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഓപ്പറേഷനുകളാണ് പൊലീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഏറ്റവുമൊടുവില്‍ 365 കിലോ ഹെറോയിന്‍ പിടികൂടി. ഇതിന് 278,050 ദിര്‍ഹം വിലവരും. ഈ കേസില്‍ 16 പേരാണ് പിടിയിലായത്. ഓപ്പറേഷന്‍ ലിസ്റ്റാഹില്‍ 12 ഏഷ്യക്കാര്‍ പിടിയിലായപ്പോള്‍ ഇവരില്‍ നിന്നും ലഭിച്ചത് 194 കിലോ മയക്കുമരുന്നാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട മേഖലയിലെ ഏതുനീക്കത്തെയും ദുബൈ പൊലീസിന്റെ നാര്‍കോട്ടിക് സെല്‍ കരുതലോടെ മുന്നേറുന്നതായി ആന്റിനാര്‍കോട്ടിക്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹരേബ് പറഞ്ഞു. സമൂഹത്തിലെ യുവസമൂഹത്തെ മയക്കുമരുന്നില്‍ നിന്നും വിമുക്തമാക്കി സമൂഹത്തെ ഈ വിപത്തില്‍നിന്നും മാറ്റി നിര്‍ത്തുകയെന്ന ദൗത്യം കൂടി പൊലീസ് നിര്‍വഹിക്കുന്നു.