24 മണിക്കൂറിനിടെ ഖത്തറില്‍ 238 പേര്‍ക്ക് കൊറോണ

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ ആകെ എണ്ണം 262

ദോഹ: കൊറോണ വൈറസ് ബാധയില്‍ ഖത്തറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നത്. 24 മണിക്കൂറിനിടെ ഖത്തറില്‍ 238 പേര്‍ക്ക് കെറോണ സ്ഥിരീകരിച്ചു.
ഇതോടെ, ഖത്തറില്‍ കോവിഡ്19 ബാധിതരുടെ എണ്ണം 262 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 238 പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച മൂന്ന് പ്രവാസികളുമായി അടുത്തിടപഴകിയവരാണീ വ്യക്തികള്‍. ഒരേ സ്ഥലത്ത് താമസിച്ചിരുന്നവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഞായറാഴ്ച മൂന്നു പേരില്‍ രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ കെട്ടിടത്തിലെ മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.