2 പേര്‍ ഐസിയുവില്‍; 36 പേര്‍ വൈദ്യ പരിചരണത്തില്‍

21
ഡോ. നദാ അല്‍ മര്‍സൂഖിയും ഡോ. അംന അല്‍ ദഹക്കും വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: യുഎഇയിലെ കൊറോണ വൈറസ് ബാധിതരില്‍ 2 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ആരാഗ്യ-രോഗ പ്രതിരോധ മന്ത്രാലയ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴു പേര്‍ പൂര്‍ണമായി രോഗമുക്തരായി. മറ്റു രോഗികള്‍ക്ക് മികച്ച പരിചരണമാണ് നല്‍കി വരുന്നതെന്നും അവരുടെ ആരോഗ്യം സുരക്ഷിതമാണെന്നും മന്ത്രാലയത്തിലെ അണുബാധ പ്രതിരോധ-നിയന്ത്രണ വിഭാഗം ഹെഡ് ഡോ. നദ അല്‍മര്‍സൂഖി പറഞ്ഞു. 36 പേര്‍ ഇപ്പോള്‍ രാജ്യത്ത് നിരീക്ഷണത്തിലാണുള്ളത്. യുഎഇ ടൂര്‍ സൈ്കഌംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് 318 പേരുടെ പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണ്. നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജെന്‍സി മാനേജ്‌മെന്റ് അഥോറിറ്റിയുമായി ചേര്‍ന്നാണ് ടെസ്റ്റുകള്‍ നടത്തുന്നത്.
36 ഹോട്ടല്‍ അതിഥികളെയും 56 സൈകഌസ്റ്റുകളെയും പരിശോധിച്ചു. 236 സ്റ്റാഫുകളുടെ ടെസ്റ്റിംഗ് റിസള്‍ട്ടും കാക്കുകയാണ്. രണ്ടു നോവല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവരെ ക്വാറന്റൈന്‍ ചെയ്തു കഴിഞ്ഞു.
യുഎഇയില്‍ ഇതു വരെ കണ്ടെത്തിയ കേസുകളെല്ലാം അറിയുന്ന ഉറവിടങ്ങളില്‍ നിന്നാണ്. വിദേശ യാത്രയിലുണ്ടായിരുന്നവരാണ് കണ്ടെത്തിയവരിലധികവും. 45 പേരില്‍ 2 പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അവരുമായി ഇടപഴകിയവര്‍ക്ക് മുന്‍കരുതല്‍ നടപടികളെടുത്തു കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസി.അണ്ടര്‍ സെക്രട്ടറി ഡോ. അംന അല്‍ദഹക് പറഞ്ഞു. ഇനി കൊറോണ വൈറസ് പടരാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടിക്രമങ്ങളും യുഎഇ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. നഴ്‌സറി സേവനങ്ങളുടെ താല്‍ക്കാലിക റദ്ദാക്കലും അതിര്‍ത്തി പോയിന്റുകളില്‍ പരിശോധനയും ക്വാറന്റൈന്‍ രീതികളും കുട്ടികള്‍ക്ക് വീടുകളില്‍ തന്നെ പഠനം ഏര്‍പ്പാടാക്കലും അടക്കമുള്ള കാര്യങ്ങള്‍ നടപടിക്രമങ്ങളിലുള്‍പ്പെടുന്നു. ലോകത്തൊട്ടാകെ ഇതു വരെയായി കൊറോണ വൈറസ് 100,000 പേരെ ബാധിച്ചു. 3,000ത്തിലധികം മനുഷ്യര്‍ മരിച്ചു. കോവിഡ് 19 വ്യാപനം വര്‍ധിച്ചതിനാല്‍ വിദേശത്തുള്ള ഇമാറാത്തികളുമായി മന്ത്രാലയം ബന്ധപ്പെട്ടു വരികയാണ്. ആവശ്യമെങ്കില്‍ അവരെ കയറ്റിയയക്കാന്‍ നിര്‍ദേശിക്കും. ആരോഗ്യ വിദഗ്ധര്‍ അടങ്ങിയ 700 പേര്‍ കോവിഡ് 19 അനുബന്ധ നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നടക്കുന്നുണ്ട്.
വിമാനങ്ങള്‍ അണുമുക്തമാക്കിയാണ് സര്‍വീസ് നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 667 നഴ്‌സുമാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലിനും പ്രവര്‍ത്തനത്തിനും 4,950ലധികം ബസ് ഡ്രൈവര്‍മാര്‍ക്കും
8,171 അറ്റന്റര്‍മാര്‍ക്കും 508 സ്‌കൂള്‍ ലീഡര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
അതിനിടെ, അസ്വാസ്ഥ്യമുള്ളവര്‍ മാത്രം ഫേസ് മാസ്‌ക് (മുഖാവരണം) ധരിച്ചാല്‍ മതിയെന്ന് അധികൃതര്‍ ഉണര്‍ത്തി. വെള്ളം ഉപയോഗിച്ച് കൈ കഴുകലാണ് ഏറ്റവും കരണീയമായ പ്രതിരോധം. വലിയ ആള്‍ക്കൂട്ട സംഗമങ്ങള്‍ ഒഴിവാക്കുക, ശ്വാസകോശ ലക്ഷണങ്ങളുള്ളവര്‍ മുന്‍കരുതലോടെ പെരുമാറുക എന്നതും പ്രതിരോധ-മുന്‍കരുതല്‍ നടപടികളില്‍ പ്രധാനമാണ്.