അഞ്ചു ടണ്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കി

അഞ്ചു ടണ്‍ ഭക്ഷണ സാധനങ്ങളെത്തിച്ചു
അബുദാബി: കോവിഡ് രോഗം മൂലം നിരീക്ഷണത്തില്‍ കഴിയുന്ന 750ലേറെ പേര്‍ക്ക് അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കി. രോഗം സ്ഥിരീകരിച്ച യുവാവിനൊപ്പം ചെലവിട്ട മുഴുവന്‍ ആളുകളെയും പ്രത്യേകം തയ്യാറാക്കിയ ഫ്‌ളാറ്റുകളില്‍ നിരീക്ഷണത്തില്‍ വെച്ചു. അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നിട്ടിറങ്ങിയ ജില്ലാ കെഎംസിസിക്ക് വിപിഎസ് ഗ്രൂപ് എംഡി ഡോ. ഷംഷീര്‍ വയലിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിച്ചത്. അബുദാബി ഹെല്‍ത്ത് അഥോറിറ്റി, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, അബുദാബി കെഎംസിസി എന്നിവയുടെ സഹകരണത്തോടെയാണ് കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തനം നടത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന 250 പേര്‍ക്ക് പുറമെ, ഏറെ കഷ്ടതനുഭവിച്ച അബുദാബിയുടെ വിവിധ ഭാഗങ്ങളിലുള്ള 500ലേറെ പേര്‍ക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങള്‍ അവരുടെ താമസ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുകയായിരുന്നു. അഞ്ച് ടണ്ണോളം സാധനങ്ങളാണ് വിതരണം ചെയ്തത്. മാര്‍ച്ച് 26, 28 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭാരവാഹികള്‍ക്ക് പുറമെ, മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരും സേവന രംഗത്ത് പ്രതിബദ്ധതയോടെ സഹായിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍, വിസിറ്റിംഗ് വിസയിലെത്തി പ്രയാസമനുഭവിക്കുന്നവര്‍, വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടു പോയവര്‍ എന്നിവര്‍ക്കൊക്കെയാണ് സഹായമെത്തിച്ചത്. ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, ജന.സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍ മൂല എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.