ഇറാനില്‍നിന്ന് 58 പേരെ തിരികെയെത്തിച്ചു

കോവിഡ്-19 ബാധിത രാജ്യമായ ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗാസിയാബാദിലെ ഹിന്‍ടണ്‍ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍

കോവിഡ്-19 ബാധിത രാജ്യമായ ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗാസിയാബാദിലെ ഹിന്‍ടണ്‍ വിമാനത്താവളത്തിലാണ് ഇവരെ എത്തിച്ചത്. പ്രാഥമിക മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഇവരെ ഹിന്‍ടണില്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
14 ദിവസം ഇവിടെ പാര്‍പ്പിച്ച് നിരീക്ഷിച്ച ശേഷം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വിദഗ്ധ ചികിത്സക്കായി ആസ്പത്രികളിലേക്ക് മാറ്റും. രോഗ ലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ പോകാന്‍ അനുവദിക്കുമെങ്കിലും തുടര്‍ന്നുള്ള 14 ദിവസത്തേക്ക് കൂടി ഇവരോട് സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശിക്കും.
ഇറാനില്‍ കൊറോണ വ്യാപകമായി പശ്ചാത്തലത്തിലാണ് ഇവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശ്രമം തുടങ്ങിയത്. ഖോം നഗരത്തില്‍ പ്രത്യേക സ്‌ക്രീനിങ് കേന്ദ്രം തുടങ്ങി പൗരന്മാരോട് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രാഥമിക മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി രോഗ ലക്ഷണങ്ങളുള്ളവരേയും അല്ലാത്തവരേയും പ്രത്യേക സംഘങ്ങളാക്കിയാണ് നാട്ടിലെത്തിക്കുന്നത്. ഇതില്‍ ആദ്യ സംഘമാണ് ഇന്നലെ നാട്ടിലെത്തിയത്.
ഇവരെ നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായങ്ങളും നല്‍കിയ ഇറാനിയന്‍ ഭരണകൂടത്തേയും ഇന്ത്യയിലെ ഇറാന്‍ എംബസി അധികൃതരേയും വ്യോമസേനാ ഉദ്യോഗസ്ഥരേയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍ നന്ദി അറിയിച്ചു.