ഡല്‍ഹി കലാപം: വഴങ്ങാതെ കേന്ദ്രം; പ്രക്ഷുബ്ധമായി സഭ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്്ലിം വംശഹത്യയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന്് വഴങ്ങാതെ കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനായി മാര്‍ച്ച് രണ്ടിന് പാര്‍ലമെന്റ് സമ്മേളിച്ച ദിവസം മുതല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാറിന്റെ പിടിവാശിയെതുടര്ന്ന് സ്പീക്കര്‍ നിരസിക്കുകയായിരുന്നു.
നടപടി നേരിട്ടവരില്‍ പ്രതാപനും
ഉണ്ണിത്താനും ഡീന്‍ കുര്യാക്കോസും
ബെന്നി ബഹനാനും
വിലക്ക് ബജറ്റ് സമ്മേളനം തീരുംവരെ
പുറത്താക്കണമെന്ന് ബി.ജെ.പി
പ്രതിഷേധത്തിന് മൂര്‍ച്ചകൂട്ടി പ്രതിപക്ഷം
സഹകരിച്ചത് കൊറോണ സംബന്ധിച്ച
പ്രസ്താവന നടത്താന്‍ മാത്രം.
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഇന്നലേയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലേയും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബി.ജെ.പി എം.പി മീനാക്ഷി ലേഖി സസ്പെന്റു ചെയ്തു. നാല് മലയാളി എം.പിമാരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും.കാലത്ത് സഭ സമ്മേളിച്ച ഉടന്‍ തന്നെ ഡല്‍ഹി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ പുറം തിരിഞ്ഞുനിന്നതോടെ പ്രതിപക്ഷ ബഹളത്തില്‍ സഭ ഒന്നിലധികം തവണ തടസ്സപ്പെട്ടു. കലാപം സംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്താനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടെങ്കിലും ഇതിനും സര്‍ക്കാര്‍ തയ്യാറായില്ല. കൊറോണ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവന നടത്തിയപ്പോള്‍ മാത്രമാണ് സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചത്. കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളി കണക്കിലെടുത്തായിരുന്നു പ്രതിപക്ഷ നീക്കം. രാജ്യസഭയിലും കൊറോണ സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പ്രസ്താവനയോട് പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചു. എന്നാല്‍ ഇതിനു ശേഷം വീണ്ടും ഡല്‍ഹി വിഷയം ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാറിനെതിരായ ആക്രമണം തുടര്‍ന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഒന്നലിധികം തവണ സഭ തടസ്സപ്പെട്ടു. വൈകീട്ട് മൂന്നു മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ആവശ്യം ആവര്‍ത്തിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഇതോടെ നടുത്തളത്തിലേക്ക് നീങ്ങിയ പ്രതിപക്ഷം സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളി തുടങ്ങി. ഇടക്ക് സ്പീക്കറുടെ പോഡിയത്തിനടുത്തെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നോട്ടീസ് കീറിയെറിഞ്ഞു. പ്രതിപക്ഷത്തിന്റെ നടപടി സഭാ മര്യാദകളുടെ ലംഘനമാണെന്നായിരുന്നു സ്പീക്കറുടെ നിലപാട്. തൊട്ടു പിന്നാലെ സഭാ മര്യാദകള്‍ ലംഘിച്ച പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു സസ്പെന്ഷന്. കേരളത്തില്‍നിന്നുള്ള കോ ണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപന്(തൃശൂര്‍), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), രാജ്മോഹന്‍ ഉണ്ണിത്താന്(കാസര്‍ക്കോട്), ബെന്നി ബഹനാന് (ചാലക്കുടി) എന്നിവരും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായ ഗൗരവ് ഗൊഗോയി, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഓജ്്ല എന്നിവരുമാണ് നടപടി നേരിട്ടത്. ബജറ്റ് സമ്മേളനം തീരും വരെയാണ് സസ്പെന്ഷന് കാലാവധി. അച്ചടക്ക നടപടിക്കു പിന്നാലെ മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധത്തിന് മൂര്‍ച്ചകൂട്ടി. ഇതോടെ സഭ ഇന്ന് വീണ്ടും ചേരാന്‍ നിശ്ചയിച്ച് പിരിയുകയായിരുന്നു.