മരണം 9000 കടന്നു ; യൂറോപ്പ് നിശ്ചലം

ആഫ്രിക്കന്‍ രാജ്യമായ സോമാലിയയിലെ ആശുപത്രിയില്‍ കോവിഡ് 19 ബാധിതരെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു

റഷ്യയില്‍ ആദ്യ മരണം; ഇറ്റലിയില്‍ 24 മണിക്കൂറിനിടയില്‍ മരണം 475; ലോക രാജ്യങ്ങളിലെല്ലാം വൈറസ് പ്രതിരോധത്തിന് വന്‍ ക്രമീകരണങ്ങള്‍
അമേരിക്കയും കാനഡയും അതിര്‍ത്തി അടച്ചു; ബ്രിട്ടനില്‍ സ്‌കൂളുകള്‍ക്ക് അവധി; 2,22,000 കോവിഡ് ബാധിതര്‍; ആഫ്രിക്കന്‍ രാജ്യങ്ങളും ജാഗ്രതയില്‍

മിലാന്‍: യൂറോപ്പിലുടനീളം കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ സ്ഥിതി കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയും ഇടപെട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡിനായി കൂടുതല്‍ പരിശോധന നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിച്ച രാജ്യമായ ഇറ്റലിയില്‍ മരണ സംഖ്യ 2978 ആയി. ബുധനാഴ്ച മാത്രം 475 മരണങ്ങളാണ് ഇറ്റലിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ 19 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. 35,713 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി കഴിഞ്ഞാല്‍ കഴിഞ്ഞ ദിവസം ഏറ്റവുമധികം ആളുകള്‍ മരിച്ചത് ഫ്രാന്‍സിലാണ്- 89 പേര്‍. മരണ നിരക്കില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്. ചൈന ഫ്രാന്‍സിലേക്ക് മരുന്നുകളും ആരോഗ്യ വിദഗ്ധരേയും അയക്കും. കൊറോണ റെസ്‌പോണ്‍സിബിള്‍ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ബില്‍ പ്രകാരം 500 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അസുഖാവധി നല്‍കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഭൂരിഭാഗം രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. യാത്രകള്‍ ഒഴിവാക്കിയും സ്‌കൂളുകളും മറ്റും അടച്ച് നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയും അതിര്‍ത്തി നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്ത് ലോക രാജ്യങ്ങള്‍ മുഴുവന്‍ വൈറസിനെതിരായ പോരാട്ടം കടുപ്പിച്ചു. പഴുതടച്ച നിയന്ത്രണങ്ങളാണ് രാജ്യങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം വീടുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ മതിയെന്നാണ് ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിനിടെ വൈറസ് ബാധയേറ്റ് റഷ്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 79 കാരനാണ് റഷ്യയില്‍ മരണപ്പെട്ടത്. റഷ്യയില്‍ ഇതുവരെ 147 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് റഷ്യ. പൗരന്‍മാര്‍ക്കുള്ള വിദേശ യാത്രകള്‍ താല്‍ക്കാലികമായി വിലക്കിയ റഷ്യ വിമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള കണക്കുകള്‍ സത്യമല്ലെന്ന വിമര്‍ശനവുമായി ചില ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയുണ്ടെന്നും സ്ഥിതിവിവര കണക്കുകള്‍ കൃത്യമാണെന്നുമാണ് റഷ്യന്‍ സര്‍ക്കാരിന്റെ വാദം.
ലോകത്താകമാനം ഇതുവരെ 9000ല്‍ അധികം പേര്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍. 2,22,000 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 84,000 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നാണ് യു.എസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ളവ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനും രംഗത്തു വന്നു. ഇന്നു മുതലാണ് സ്‌കൂളുകള്‍ അടച്ചിടുകയും പരീക്ഷകള്‍ റദ്ദാക്കുകയും ചെയ്യും. കൂടുതല്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വൈറസിന്റെ വ്യാപനം. ഇതുവരെ ആയിരത്തോളം കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയും കാനഡയും അവശ്യ ഗതാഗതം ഒഴിച്ച് അതിര്‍ത്തിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ 20,000 ത്തോളം സൈനികരെ സന്നദ്ധമാക്കാനും തീരുമാനമുണ്ട്. പ്രത്യേക ഡ്യൂട്ടിക്കായി രംഗത്തിറങ്ങാന്‍ സൈനികര്‍ സന്നദ്ധമായിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനകം കോവിഡ് 170 രാജ്യങ്ങളിലേക്ക് പടര്‍ന്നു. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും തെരുവുകള്‍ വിജനമാണ്. ഇവിടെ പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നത് നിരോധിച്ചു. ആസ്‌ത്രേലിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നടപടി കര്‍ശനമാക്കാന്‍ ഒരു ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. രോഗം പടര്‍ന്നുപടിച്ച സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. ദരിദ്ര രാജ്യങ്ങളോട് ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.