വിമാനക്കമ്പനികള്‍ പ്രവാസിക്കൊള്ള അവസാനിപ്പിക്കണം: അബുദാബി കെഎംസിസി

    അബുദാബി: കൊറോണയെന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ മാര്‍ച്ച് 22 ന് ശേഷം ഇന്ത്യയിലേക്കുള്ള വിദേശ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം വന്നയുടന്‍ അത് വരെയുള്ള ടിക്കറ്റ് വില നാലും അഞ്ചും ഇരട്ടിയാക്കി കുത്തനെ കൂട്ടിയ നിലപാട് എയര്‍ലൈനുകള്‍ തിരുത്തണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പല കമ്പനികളും ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ലീവ് നല്‍കിയിരിക്കുകയാണ്. മാത്രവുമല്ല ധാരാളമാളുകള്‍ നേരത്തെ ടിക്കറ്റ് എടുത്തവരുമാണ്. അവര്‍ക്കു നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 22 വരെയുള്ള ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മുപ്പതിനായിരം രൂപക്കും മുകളിലാണ് ചാര്‍ജ് ചെയ്യുന്നത്. ഇത് മനുഷ്യത്വ വിരുദ്ധ സമീപനമാണ്. പ്രതിസന്ധികള്‍ എല്ലാ മേഖലക്കുമുണ്ട്. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ വരുന്ന ആവശ്യങ്ങളെ ചൂഷണത്തിനുള്ള അവസരമാക്കരുതെന്നും പ്രവാസലോകത്തെ വിശിഷ്യാ ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ സമൂഹത്തോടുള്ള പ്രത്യേകിച്ച് കേരളീയരോടുള്ള ഈ ചിറ്റമ്മനയം തിരുത്തണമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.