അബുദാബി അല്‍സി സിറ്റിയില്‍ ലേഡീസ് ഓണ്‍ലി ബീച്ച്

23

ദുബൈ: അബുദാബിയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ബീച്ച് ഒരുങ്ങി. അല്‍ദാഫ്‌റ മേഖലയില്‍ അല്‍സില പോര്‍ട്ടിന് സമീപത്തായി അല്‍സില സിറ്റിയിലാണ് ആദ്യത്തെ ലേഡീസ് ബീച്ച് തയ്യാറായിരിക്കുന്നത്. അല്‍ദാഫ്‌റ മുനിസിപ്പാലിറ്റിയുടെ പങ്കാളിത്തത്തോടെ അബുദാബി ജനറല്‍ സര്‍വീസസ് കമ്പനിയായ മുസാനദയാണ് 18,300 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ബീച്ച് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബീച്ചില്‍ 790 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പത്തിലുള്ള യൂട്ടിലിറ്റി കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സെക്യൂരിറ്റി ഫെസിലിറ്റി, ലൈഫ് ഗാര്‍ഡ് ടീംസ്, റെസ്റ്റ് റൂംസ്, വിമന്‍സ് മജ്്‌ലിസ്, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ മുസാനദ സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവരുടെ ആരോഗ്യകരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ബീച്ചില്‍ സ്വകാര്യതയോടെ ഉല്ലസിക്കുന്നതിനും സൗകര്യമുണ്ട്. പൊതുസമൂഹത്തിന് പുറം ലോകത്ത് മികച്ച രീതിയില്‍ ഒഴിവ് സമയങ്ങള്‍ ചെലവഴിക്കാനും മറ്റു ഉല്ലാസ കാര്യങ്ങളില്‍ ഏര്‍പ്പെടാനും സൗകര്യമൊരുക്കണമെന്ന ഭരണ നേതൃത്വത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അല്‍ദാഫ്‌റ മുനിസിപ്പാലിറ്റി ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് ബീച്ച് തയ്യാറാക്കിയിരിക്കുന്നത്.