അബുദാബിയില്‍ ടോളുകള്‍ താല്‍കാലികമായി നിര്‍ത്തലാക്കും

32
അബുദാബിയിലെ ടോള്‍ ഗേറ്റ്-കടപ്പാട് ടിഎന്‍

ദുബൈ: സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി അബുദാബി റോഡുകളിലെ ടോളുകള്‍ നിര്‍ത്തലാക്കും. ഈ വര്‍ഷം അവസാനം വരെ ഇത് തുടരും. കോവിഡ്-19 ന്റെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമാണിത്. പുതിയ സാഹചര്യത്തില്‍ ഇമാറാത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണിത്. 2020 അവസാനം വരെ എല്ലാ വാഹനങ്ങളെയും ടോള്‍ വിമുക്തമാക്കുകയാണ് പദ്ധതി. ജനുവരി മുതലാണ് അബുദാബിയില്‍ നാല് ടോളുകള്‍ ഗേറ്റുകള്‍ സ്ഥാപിച്ച് ടോള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിന്നെയും മൂന്ന് മാസത്തെ ഇളവ് നല്‍കിയാണ് ടോള്‍ പ്രാബല്യത്തില്‍ വന്നത്. തിരക്കുള്ള സമയങ്ങളില്‍ നാല് ദിര്‍ഹമാണ് ടോള്‍ ചുമത്തിയിരുന്നത്. ഒരുദിവസം പരമാവധി 16 ദിര്‍ഹമായിരുന്നു ടോള്‍. ഇപ്പോള്‍ കോവിഡ്-19 ലോകമാകെ പടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇത് മുന്നില്‍ കണ്ട് രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ കേന്ദ്ര ബാങ്ക് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്.