അബുദാബിയില്‍ വാണിജ്യ ലൈസന്‍സുകളില്‍ 63.9 ശതമാനം വര്‍ധന

റാഷിദ് അബ്ദുല്‍ കരീം

അബുദാബി: അബുദാബിയില്‍ വാണിജ്യ ലൈസന്‍സ് രംഗത്ത് കഴിഞ്ഞ വര്‍ഷം 69.3 ശതമാനം വര്‍ധനയുണ്ടായി. രണ്ടായിരത്തിലധികം തത്സമയ ലൈസന്‍സുകളും കഴിഞ്ഞ വര്‍ഷം അനുവദിക്കുകയുണ്ടായി. താജര്‍ ലൈസന്‍സുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 2018ലേതിനെക്കാള്‍ 97 ശതമാനം വര്‍ധനയുണ്ടായതായീം അബുദാബി സാമ്പത്തിക കാര്യാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 18,628 പുതിയ ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു. അതേസമയം, 2018ല്‍ 11366 പുതിയ ലൈസന്‍സുകളാണ് അനുവദിച്ചിരുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 80,477 ലൈസന്‍സുകളാണ് 2019ല്‍ പുതുക്കി നല്‍കിയത്. അബുദാബിയിലെ വാണിജ്യ-നിക്ഷേപ രംഗത്ത് ആര്‍ജിച്ച വിശ്വാസവും പുരോഗതിയുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അബുദാബി ബിസിനസ് സെന്റര്‍ അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ബലൂഷി വ്യക്തമാക്കി. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ 172,577 വാണിജ്യ ലൈസന്‍സുകള്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു.
നിക്ഷേപ രംഗത്ത് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഈ മേഖലയില്‍ വളര്‍ച്ചക്ക് സഹായകമായിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇക്കഴിഞ്ഞ വര്‍ഷം 403 പ്രൊഫഷണല്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുണ്ടായി. 2018ല്‍ ഇത് 224 മാത്രമായിരുന്നു. 79.9 ശതമാനം വര്‍ധനയുമുണ്ടായി. 176വിനോദ സഞ്ചാര ലൈസന്‍സുകളും 144 വ്യവസായ ലൈസന്‍സുകളും 2019ല്‍ അനുവദിച്ചു. 34 കാര്‍ഷിക-മത്സ്യ-ക്ഷീര ലൈസന്‍സുകളും കഴിഞ്ഞ വര്‍ഷം അനുവദിച്ചു. 2019ല്‍ 32,662 വാണിജ്യ ലൈസന്‍സുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കി. 2018ല്‍ ഇത് 25,416 മാത്രമായിരുന്നു. 28.5 ശതമാനം വര്‍ധനയാണുണ്ടായത്.
ഫ്രീസോണ്‍ കമ്പനികള്‍ക്കായി 118 ഇരട്ട ലൈസന്‍സുകളും അനുവദിച്ചു. ഇ കൊമേഴ്‌സ് ലൈസന്‍സുകളുടെ എണ്ണം മുന്‍കാലങ്ങളെ കടത്തി വെട്ടുന്നതായിരുന്നു.1404 ഇകൊമേഴ്‌സ് ലൈസന്‍സുകളാണ് അനുവദിച്ചത്. 2018ല്‍ ഇത് 301 മാത്രമാ യിരുന്നു. 366 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാണിജ്യ രംഗത്ത് കൈവരിച്ച നേട്ടം അഭിമാനകരമാണെന്ന് അബുദാബി ബിസിനസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് അബ്ദുല്ല അല്‍മാസ് വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് സുരക്ഷിതമായി നിക്ഷേപം ഇറക്കാവുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.