അബുദാബിയില്‍ 72,242 വാണിജ്യ ലൈസന്‍സുകളുടെ 246 മില്യന്‍ ദിര്‍ഹം പിഴ ഒഴിവാക്കി

12

അബുദാബി: അബുദാബിയില്‍ വാണിജ്യ ലൈസന്‍സുകള്‍ക്കുള്ള പിഴ ഒഴിവാക്കുന്നു. 72,242 വാണിജ്യ ലൈസന്‍സുകള്‍ സാമ്പത്തിക വിഭാഗത്തില്‍ അടക്കാനുളള 246,653,900 ദിര്‍ഹമാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് (എഡിഡിഇഡി) അറിയിച്ചു. സ്വകാര്യ മേഖലയെ പിന്തുണക്കാനുള്ള ലക്ഷ്യത്തോടെ അബുദാബി ഗവണ്‍മെന്റിന്റെ ‘ഗദാന്‍ 21’ പദ്ധതി പ്രകാരം അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ച സാമ്പത്തിക പ്രോത്സാഹന പാക്കേജിന്റെ ഭാഗമായാണ് പിഴ ഒഴിവാക്കല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എഡിഡിഇഡി പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഈ പ്രഖ്യാപനം.
എമിറേറ്റിലെ വാണിജ്യ രംഗത്ത് ചെലവ് കുറക്കുന്നതിലൂടെ സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കുന്നതിന് സ്വകാര്യ മേഖലക്ക് ഫലപ്രദമായി സാധിക്കുമെന്നാണ് കരുതുന്നത്. ഒഴിവാക്കിയ പിഴകളില്‍ 240,987,400 ദിര്‍ഹം ലൈസന്‍സ് പുതുക്കാന്‍ കാലതാമസം വരുത്തിയതിനും 5,666,400 ദിര്‍ഹം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മറ്റു ലംഘനങ്ങള്‍ക്കുള്ള പിഴകളും ഉള്‍പ്പെടുന്നു.
എമിറേറ്റിന്റെ സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ) എന്നിവയുള്‍പ്പെടെ സ്വകാര്യ മേഖലയെ പിന്തുണക്കാനുള്ള നിര്‍ദേശങ്ങളുടെ ഭാഗം കൂടിയാണെന്ന് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ശുറഫ വ്യക്തമാക്കി. സാമ്പത്തിക വികസനത്തിന്റെ വേഗം ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ മേഖലയെ പിന്തുണക്കാനുള്ള നീക്കം വാണിജ്യ രംഗത്ത് താല്‍പര്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്ണ ഇതര സാമ്പത്തിക മേഖലകളെ പിന്തുണക്കുന്നതിലും അബുദാബിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്കുള്ള (ജിഡിപി) സംഭാവന വര്‍ധിപ്പിക്കാനും പുതിയ തീരുമാനം ഉപകരിക്കുമെന്ന് അണ്ടര്‍ സെക്രട്ടറി റഷീദ് അബ്ദുല്‍ കരീം അല്‍ബലൂഷി അഭിപ്രായപ്പെട്ടു. ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ സ്വകാര്യ മഖലയെ പിന്തുണക്കാനുള്ള നീക്കം കൂടിയായ ഇളവിലൂടെ വ്യാവസായിക സ്ഥാപനങ്ങളുടെ ചെലവ് കുറക്കുക കൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.