ദുബൈ: ക്ഷണനേരം കൊണ്ട് മാറിമറിയുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 75.70നും 76.20നുമിടക്ക് അവസാനിക്കുമെന്ന് കരുതുന്നുവെന്ന് അബുദാബി ആസ്ഥാനമായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചക്കിടെ റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും, കോവിഡ് 19 മൂലം വിവിധ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുന്നതിനാല്‍, ആഗോള സാഹചര്യം ദുര്‍ബല ഘട്ടത്തിലാണുള്ളത്. ഇന്ത്യന്‍ രൂപ പോലുള്ള വളര്‍ന്നു വരുന്ന കറന്‍സികള്‍ സമ്മര്‍ദത്തിലായതിനാല്‍, നിക്ഷേപകര്‍ ആസ്തികള്‍ വില്‍ക്കുകയും ഡോളറിന്റെ ആപേക്ഷിക സുരക്ഷക്കായുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇത് പ്രതീക്ഷിച്ചതാണ്.
നാളെയോ, അല്ലെങ്കില്‍ ഈയാഴ്ച അവസാനത്തിലോ ഈ സാഹചര്യം മാറുമോയെന്നത് പ്രവചനാതീതമാണ് -ഭീതി പരക്കുകയും മഹാമാരിയുടെ സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ, കൂടുതല്‍ ഭരണകൂടങ്ങള്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട സ്ഥിതി കൂടി കണക്കിലെടുക്കുമ്പോള്‍ വിശേഷിച്ചും.