ഡല്‍ഹി കത്തുമ്പോള്‍ മോദി ‘വീണ വായിച്ചു’

33

ലോക്‌സഭയില്‍ ആഞ്ഞടിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സി.എ.എ അനുകൂലികള്‍ ആസൂത്രിതമായി നടപ്പിലാക്കിയ കലാപം മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പാര്‍ലമെന്റില്‍ ഡല്‍ഹി കലാപം സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപത്തില്‍ ചിലര്‍ പറയുന്നു ഹിന്ദുക്കള്‍ ജയിച്ചെന്ന്, മറ്റു ചിലര്‍ പറയുന്നു മുസ്്‌ലിംകള്‍ ജയിച്ചെന്ന് എന്നാല്‍ മാനവികതയാണ് തോറ്റതെന്നതാണ് സത്യം. രാജ്യത്തെ ഏറ്റവും ശക്തമായ ആയുധങ്ങള്‍ കൈവശമുള്ള ഡല്‍ഹി പൊലീസിന്റെ പൂര്‍ണ അധികാരം കേന്ദ്രത്തിന്റെ കയ്യിലിരിക്കെ എന്തു കൊണ്ട് കലാപം മൂന്ന് ദിവസം നീണ്ടു നിന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസിന്റെ നിയന്ത്രണമുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണം. ഡല്‍ഹിയില്‍ കലാപം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ മോദി അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആതിഥ്യം അരുളുകയായിരുന്നു.
ഇത് റോം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൃതമായ സമയത്ത് ശക്തമായ നടപടി എടുത്തിരുന്നു എങ്കില്‍ ഡല്‍ഹി കലാപം സംഭവിക്കില്ലായിരുന്നുവെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ ഉപദേഷ്ടവാവിന്റെ സന്ദര്‍ശനം കലാപം നിയന്ത്രിക്കാന്‍ സഹായിച്ചുവെങ്കില്‍ എന്ത് കൊണ്ട് ആഭ്യന്തരമന്ത്രി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്നും ആധീര്‍ ചൗധരി ചോദിച്ചു.
ബാലകോട്ടില്‍ വ്യോമാക്രമണം നടത്തിയെന്ന് പറയുന്ന സര്‍ക്കാറിന് കലാപം നിയന്ത്രിക്കാനുള്ള ശേഷി പോലും ഇല്ലേ. ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധരനെ പെട്ടെന്ന് സ്ഥലം മാറ്റിയ നടപടിയേയും ചൗധരി വിമര്‍ശിച്ചു. പൊലീസിന് കലാപം നിയന്ത്രിക്കാന്‍ കഴിയാഞ്ഞിട്ടല്ല, എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.