
ദുബൈ: ആഗോള ജീവകാരുണ്യ സംരംഭമായ റീച്ച് കാമ്പയിനിന്റെ സ്ഥാപക പാര്‍ട്ണര്‍ എന്ന നിലയില്‍ പ്രതിജ്ഞാബദ്ധത പ്രകടമാക്കി ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍. ആഗോള തലത്തില്‍ 200 മില്യന്‍ പേര്‍ക്ക് ബാധിച്ച അന്ധരോഗം (റിവര്‍ ബ്‌ളൈന്റ്‌നസ്) നിര്‍മാര്‍ജനം ചെയ്യാന്‍ നിധി സമാഹരിക്കാനായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് റീച്ച് കാമ്പയിന്‍. അബുദാബി മുശ്‌രിഫ് മാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച പങ്കാളിത്ത കരാറില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ഫലാഹിയും റീച്ച് കാമ്പയിന്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മുബാറക്കും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയും ഒപ്പു വെച്ചു. യുഎഇയിലെ ലുലുവിന്റെ 70ലധികം സ്‌റ്റോറുകളിലൂടെ ഇന്‍സ്‌റ്റോര്‍-ഓണ്‍ലൈന്‍ സംഭാവനാ സംവിധാനം, വിപണനം, നിധി സമാഹരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു വരുന്നു. നിധി സമാഹരണ-പ്രോല്‍സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപക പങ്കാളിയെന്ന നിലയില്‍ ലുലു അതിന്റെ വേദികള്‍ ഉപയോഗിക്കുകയാണ്. ഈ സംരംഭത്തിലൂടെ ഷോപ്പര്‍മാര്‍ക്ക് യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലൂടെ 2 ദിര്‍ഹം സംഭാവന നല്‍കാം. ഷോപ്പിംഗ് ബില്ലുകള്‍ക്കൊപ്പം കാഷ് കൗണ്ടറുകളില്‍ സംഭാവന നല്‍കാന്‍ സൗകര്യമുണ്ട്.