വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു -പ്രവചിക്കാനാവാതെ എയര്‍ലൈനുകള്‍

    863

    അബുദാബി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ആഗോളതലത്തില്‍ യാത്രക്കാര്‍ കുറയുമെന്ന് ഉറപ്പായതോടെ എയര്‍ലൈനുകള്‍ തങ്ങളുടെ നിരക്കുകള്‍ കുത്തനെ കുറച്ചു. കഴിഞ്ഞ രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിനേക്കാള്‍ നേര്‍പകുതിയും മൂന്നിലൊന്നുമൊക്കെയായാണ് നിരക്കുകള്‍ താഴ്ന്നിട്ടുള്ളത്. എല്ലാ അന്താരാഷ്ട്ര റൂട്ടുകളിലും നിരക്കില്‍ കാര്യമായ അന്തരമാണ് ഉണ്ടായിട്ടുള്ളത്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ എത്രത്തോളം കുറവുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരുവിധ പ്രവചനവും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് എയര്‍ലൈനുകളുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞനിരക്കില്‍ പരമാവധി ടിക്കറ്റുകള്‍ വിറ്റഴിക്കുയെന്ന തന്ത്രമാണ് എയര്‍ലൈനുകള്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം യാത്രാ നിരക്ക് എത്രതന്നെ കുറഞ്ഞാലും പരമാവധി യാത്ര ഒഴിവാക്കുകയെന്ന തീരുമാനത്തിലാണ് യാത്രക്കാരുള്ളത്. വിനോദസഞ്ചാരികള്‍, പ്രവാസികള്‍ തുടങ്ങിയ മേഖലകളിലാണ് എയര്‍ലൈനുകള്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ ഈ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതെന്നത് ശക്തമായ തിരിച്ചടിയായിമാറുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിലും വന്‍അന്തരമാണ് പ്രകടമായിട്ടുള്ളത്. നാട്ടില്‍നിന്നും അവധിക്കാലം ചെലവഴിക്കാന്‍ നിരവധി കുടുംബങ്ങള്‍ ഗള്‍ഫ്‌നാടുകളിലേക്ക് പുറപ്പെടുമെന്ന സാഹചര്യം മുതലാക്കാന്‍ എയര്‍ലൈനുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ചമുമ്പ് ഈടാക്കിയിരുന്ന നിരക്കിന്റെ നേര്‍പകുതിയോ മൂന്നിലൊന്നോ ആയാണ് ഇപ്പോള്‍ നിരക്ക് കുറഞ്ഞിട്ടുള്ളത്. എന്നിട്ടും ടിക്കറ്റെടുക്കുന്നവരുടെ എണ്ണം തീരെ ഉയരുന്നില്ലെന്നാണ് അറിയുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഈ മാസം അവസാനവും അടുത്ത മാസം ആദ്യത്തിലുമായി സന്ദര്‍ശക വിസയില്‍ ആയിരക്കണക്കിന് കുടുംബംങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത്. അവരെ ലാക്കാക്കിയാണ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ യാത്ര ചെയ്യുന്നതിന് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നും യുഎഇയിലേക്ക് ഇരുവശത്തേക്കുമുള്ള ടിക്കറ്റുകള്‍ 950 ദിര്‍ഹമിന് ലഭ്യമാണ്. പൊതുവെ നിരക്ക് കൂടുതല്‍ ഈടാക്കുന്ന ഈ മാസവും അബുദാബി-കൊച്ചി റൂട്ടില്‍ ഇരുവശത്തേക്കുമുള്ള ടിക്കറ്റ് 650 ദിര്‍ഹമിന് ലഭ്യമാണ്.