ഫീസില്ലാതെ എയര്‍ അറേബ്യ ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സൗകര്യം

ദുബൈ: നിലവിലെ കൊറോണ വൈറസ് സാഹചര്യത്തില്‍ ഫീസില്ലാതെ ടിക്കറ്റില്‍ മാറ്റം വരുത്താന്‍ എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്നു. യാത്രക്കാരുടെ ഇഷ്ടാനുസരണം യാത്രാ തീയതിയില്‍ മാറ്റം അനുവദിക്കുന്നതാണ്. ചാര്‍ജും റീഇഷ്യൂവന്‍സ് ഫീസുമായില്ലാതെ ട്രാവല്‍ ബുക്കിംഗുകള്‍ മോഡിഫൈ ചെയ്യാനുള്ള സൗകര്യമാണ് തങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
2020 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാന്‍ മാര്‍ച്ച് 31 വരെയുള്ള നിലവിലെ ബുക്കിംഗുകള്‍ പുതുതായി മാറ്റാനാകും. വിമാനം പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുന്‍പ് വരെ മോഡിഫികേഷന്‍ അനുവദിക്കുന്നതാണ്. എയര്‍ അറേബ്യയുടെ യുഎഇ, മൊറോക്കോ, ഈജിപ്ത് ഹബ്ബുകളിലെ നെറ്റ്‌വര്‍ക്കുകളില്‍ പുതിയ വ്യവസ്ഥകള്‍ ബാധകമാകുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ റീബുക്കിംഗ് സമയത്ത് നിരക്കിലെ വ്യത്യാസം മാത്രം യാത്രക്കാര്‍ നല്‍കിയാല്‍ മതിയാകും.