അബുദാബി: കൊറോണ വൈറസ് ബാധയുടെ വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായേക്കുമെന്നതിനാലും അടിയന്തിര മുന്‍കരുതല്‍ പരിഗണിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസ് ചില സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 17, 24 തീയതികളില്‍ കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഐഎക്സ് 413, ഷാര്‍ജ-കൊച്ചി ഐഎക്സ് 414 എന്നീ വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 17, 24 തീയതികളില്‍ മംഗലാപുരം-ദുബൈ സര്‍വീസ് നടത്താനിരുന്ന ഐഎക്സ് 383, ദുബൈ-മംഗലാപുരം ഐഎക്സ് 384 ഷെഡ്യൂളും റദ്ദാക്കിയിട്ടുണ്ട്.
പൂനെ-ദുബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 211 ഈ മാസം 18, 20, 23, 25, 27 തീയതികളിലെ സര്‍വീസും നിര്‍ത്തലാക്കി. 19, 21, 24, 26, 26 തീയതികളില്‍ ദുബൈയില്‍ നിന്നും പൂനെയിലേക്കുള്ള ഐഎക്സ് 212 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ മാസം 29ന് ആരംഭിക്കാനിരുന്ന തിരുച്ചിറപ്പള്ളി-അബുദാബി പുതിയ സര്‍വീസും തല്ക്കാലം മാറ്റി വെച്ചേക്കാനിടയുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫ്ളൈറ്റിലും നിരവധി പേരാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് യാത്ര തീരുമാനിക്കുകയും ടിക്കറ്റെടുത്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ അവസാന മണിക്കൂറുകളില്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. തൊഴില്‍ സ്ഥാപനങ്ങളില്‍ പലരും വാര്‍ഷികാവധി ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്.ഇന്നലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പു കൂടി വന്നതോടെ യാത്ര വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം യാത്ര ചെയ്താല്‍ മതിയെന്ന നിലപാടാണ് തൊഴില്‍ സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുള്ളത്.