അടിയന്തര സഹായം
നല്‍കണമെന്ന് അയാട്ട
ദുബൈ: കോവിഡ്-19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന വ്യവസായമായി മാറി. മിക്കവാറും രാജ്യങ്ങള്‍ വിമാനസര്‍വീസിന് നിയന്ത്രണവും യാത്രാവിലക്കും ഏര്‍പ്പെടുത്തിയതോടെ ദിവസങ്ങള്‍ കൊണ്ടാണ് വിമാനക്കമ്പനികള്‍ പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും സര്‍ക്കാരുകളോട് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വിമാന യാത്രകള്‍ വ്യാപകമായി മുടങ്ങിയതിന്റെ ഫലമായി അതിജീവനത്തിനായി പോരാടുകയാണ്. കോവിഡ്-19 ന്റെ വ്യാപനം തടയുകയെന്നത് സര്‍ക്കാരുകളുടെ മുന്‍ഗണനയാണ്. എന്നാല്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഇപ്പോള്‍ സമ്പദ്വ്യവസ്ഥയ്ക്കും വ്യോമയാനത്തിനും ഒരു വിപത്തായി മാറിയിരിക്കുകയാണെന്ന് അയാട്ട ഡയറക്ടര്‍ ജനറലും സിഇഒയുമായ അലക്‌സാണ്ടര്‍ ഡി ജൂനിയാക് പറഞ്ഞു. നിലവിലെ വ്യവസായ പ്രതിസന്ധിയുടെ തോത് സെപ്റ്റംബര്‍ 11 ആക്രമണത്തേക്കാളും അല്ലെങ്കില്‍ 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാളും വളരെ മോശവും വ്യാപകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ പല റൂട്ടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ 60 ശതമാനം വരെ ഡിമാന്‍ഡ് കുറയുന്നു. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ അപകടത്തിലാണ്. വിമാനക്കമ്പനികള്‍ക്ക് ഇതില്‍ നിന്ന് അടിയന്തിര സര്‍ക്കാര്‍ നടപടി ആവശ്യമാണ്. കോവിഡില്‍ നിന്നും മുക്തി നേടിയാല്‍ ലോകത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനാണിത്.
ഈ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് വിമാനക്കമ്പനികള്‍ വിപുലമായ ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കുകയാണ്.
എന്നിരുന്നാലും വിമാന നിരോധനവും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിമാനക്കമ്പനികളുടെ വരുമാനം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ ശരാശരി രണ്ട് മാസത്തെ കരുതല്‍ ശേഖരം ഉള്ളതിനാല്‍ വിമാനക്കമ്പനികള്‍ പണലഭ്യതയും അസ്തിത്വപരമായ പ്രതിസന്ധിയും നേരിടുകയാണ് പിന്തുണാ നടപടികള്‍ അടിയന്തിരമായി ആവശ്യമാണെന്ന് അയാട്ട ചൂണ്ടിക്കാട്ടുന്നു. ആഗോള അടിസ്ഥാനത്തില്‍ 200 ബില്യണ്‍ യുഎസ് ഡോളര്‍ വരെ അടിയന്തര സഹായം ആവശ്യമാണെന്ന് കണക്കാക്കുന്നു. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, നൈജീരിയ, മൗറീഷ്യസ് എന്നീ നിരവധി സര്‍ക്കാരുകള്‍ ഇതിനകം തന്നെ കോവിഡ് -19 നായി ദേശീയ സഹായം നല്‍കിയിട്ടുണ്ടെന്ന് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ട ആഫ്രിക്ക-മിഡില്‍ ഈസ്റ്റിലെ റീജിയണല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബക്രി പറഞ്ഞു.
എല്ലാ ആധുനിക സമ്പദ്വ്യവസ്ഥകള്‍ക്കും അത്യന്താപേക്ഷിതമായ വിമാനക്കമ്പനികള്‍ക്ക് അടിയന്തിര പരിഗണന നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് വിമാനക്കമ്പനികളെ ജീവനോടെ നിലനിര്‍ത്താനും എയര്‍ലൈന്‍ സ്റ്റാഫുകള്‍ക്കും അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും പ്രതിസന്ധിയുടെ അവസാനത്തില്‍ തിരിച്ചെത്താന്‍ ജോലികള്‍ ഉറപ്പാക്കാനും സഹായിക്കുമെന്ന് അല്‍ ബക്രി വിശദീകരിച്ചു.