വിമാനത്താവളങ്ങളില്‍ തിരക്കൊഴിയുന്നു; ഇത്തിഹാദ് 50ലേറെ സര്‍വീസുകള്‍ റദ്ദാക്കി

അബുദാബി: യുഎഇ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേസ് അബുദാബിയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള 50ലേറെ സര്‍വീസുകള്‍ റദ്ദാക്കി. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ ആകാശ യാത്രാ രംഗത്ത് ആഗോള തലത്തില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പമാണ് ഇത്തിഹാദും തങ്ങളുടെ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ എയര്‍ലൈനുകള്‍ ഇതിനകം തന്നെ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇത്തിഹാദ് എയര്‍വേസിന്റെ കൊച്ചിയിലേക്ക് ദിനംപ്രതിയുള്ള മൂന്നു സര്‍വീസുകള്‍ നാളെ മുതല്‍ അടുത്ത മാസം 30 വരെ രണ്ടാക്കി ചുരുക്കി. ഡല്‍ഹി, മുംബൈ സര്‍വീസുകള്‍ ഇന്നു മുതല്‍ നാലില്‍ നിന്നും മൂന്നാക്കി കുറച്ചു. ഡല്‍ഹിയിലേക്ക് ഈ മാസം 28 വരെ യും മുംബൈയിലേക്ക് അടുത്ത മാസം 30 വരെയുമാണ് മാറ്റം വരുത്തിയിട്ടുള്ളത്. പ്രതിദി നം രണ്ടു സര്‍വീസ് നടത്തിയിരുന്ന ബംഗളൂരു, ഹൈദരാബാദ് റൂട്ടില്‍ നാളെ മുതല്‍ അടുത്ത മാസം 30 വരെ ഒന്നു വീതമാക്കി ചുരുക്കി. ചെന്നൈയിലേക്കുള്ള സര്‍വീസും ഈ മാസം 23 മുതല്‍ അടുത്ത മാസം 30 വരെ ദിനേന ഒന്നാക്കി കുറച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, മദീന, കൈറോ, അമ്മാന്‍, കെനിയന്‍ തലസ്ഥാനമായ നയ്‌റോബി, ബയ്‌റൂത്ത്, ലബനാന്‍, മൊറോക്കോയിലെ കസബ്‌ളാന്‍ക, റബാത്, ബല്‍ഗ്രേഡ്, മാഡ്രിഡ്, ബാഴ്‌സിലോണ, ഖാര്‍ത്തൂം, ജനീവ, ഇസ്തംബൂള്‍, മിലാന്‍, ജപ്പാനിലെ നഗോയ, അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകു എന്നിവിടങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും അടുത്ത മാസം 30 വരെ റദ്ദാക്കിയിട്ടുണ്ട്. കുവൈത്തിലേക്ക് ഈ മാസം 31 വരെയും എല്ലാ സര്‍വീസുകളും ഒഴിവാക്കി.
പ്രതിദിനം മൂന്ന് സര്‍വീസുകളുണ്ടായിരുന്ന ബഹ്‌റൈനിലേക്ക് ഈ മാസം 31 വരെ പ്രതിദിനം ഒരു സര്‍വീസ് മാത്രമാക്കി കുറച്ചു. അടുത്ത മാസം ഒന്നുമുതല്‍ 30 വരെ പ്രതിദിനം രണ്ടാക്കി ഉയര്‍ത്തുകയും ചെയ്യും. ഏഥന്‍സ്, ടോക്യോ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസ് അടുത്ത മാസം ഒന്നു മുതല്‍ 30 വരെ ആഴ്ചയില്‍ നാലാക്കി കുറച്ചു. ഖസാഖിസ്താന്‍ തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലേക്ക് ഇന്നു മുതല്‍ അടുത്ത മാസം 31വരെ ആഴ്ചയില്‍ ഒന്നു മാത്രമാക്കിയും മസ്‌കത്തിലേക്കുള്ള പ്രതിദിന മൂന്നു സര്‍വീസുകള്‍ അടുത്ത മാസം 30 വരെ രണ്ടാക്കിയും ചുരുക്കി.
മനിലയിലേക്ക് എല്ലാ സര്‍വീസുകളും ഇന്നലെ മുതല്‍ ഈ മാസം 31വരെ റദ്ദാക്കുകയും സിംഗപ്പൂരിലേക്ക് ദിനേനയുള്ള വിമാനം അടുത്ത മാസം 1 മുതല്‍ 30 വരെ ആഴ്ചയില്‍ നാലാക്കി ചുരുക്കുകയും ചെയ്തു. ബാങ്കോക്കിലേക്ക് പ്രതിദിനം മൂന്നുണ്ടായിരുന്നത് ഏപ്രില്‍ 1 മുതല്‍ മെയ് 2 വരെ രണ്ടാക്കിചുരുക്കി. ചൈന, ഷാംങ്ഹായ് വിമാനങ്ങള്‍ ഈ മാ സം 28 വരെയും ഷെംങ്ഡു ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയും ഹോങ്കോംങ്, റോം സര്‍വീസുകള്‍ ജൂണ്‍ 30 വരെയും ഉണ്ടായിരിക്കുന്നതല്ല. ജക്കാര്‍ത്തയിലേക്കുള്ള പ്രതിദിന രണ്ടു സര്‍വീസുകള്‍ ജൂണ്‍ 30 വരെ ഒന്നാക്കിയും കൊറിയയിലെ സോളിലേക്ക് പ്രതിദിന സര്‍വീസ് ആഴ്ചയില്‍ നാലാക്കിയും കുറച്ചു.