അല്‍ ഐന്‍: അല്‍ ഐനിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു തമിഴ്നാട്ടുകാര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന് (30), സുഭാഷ് കുമാര്‍ (30), ശെന്തില്‍ കാളിയ പെരുമാള്‍ (36) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. നിസാന്‍ അള്‍ടിമ കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് ഡിവൈഡറില്‍ തട്ടി മറിയുകയായായിരുന്നുവെന്ന് അറിയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് കരുതുന്നത്.
അപകടത്തില്‍ പെട്ട വാഹനം ത്രിഫ്റ്റി റെന്റ് എ കാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒമാനിലേക്ക് പോകാനായി യുഎഇ-ഒമാന്‍ ബോര്ഡറിലെത്തിയ മൂവര്‍ സംഘത്തിലെ ഒരാള്‍ക്ക് പ്രവേശിക്കാനാവാതെ വന്നതിനാല്‍ ഇവര്‍ മുസഫയിലേക്ക് തിരിച്ചു വരുന്നതിനിടെ റമാ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ടു പേര് സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുഭാഷിന്റെയും രാംകുമാറിന്റെയും മൃതദേഹങ്ങള്‍ ഇന്ന് വൈകുന്നേരം 6ന് ഷാര്‍ജയില്‍ നിന്ന് ട്രിച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സിലും; ശെന്തിലിന്റെ മൃതദേഹം ഇന്ന് രാത്രി 10ന് ചെന്നൈയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിലും കൊണ്ടു പോകും.