എ.എം എന്ന രണ്ടക്ഷരം ഓര്‍ക്കുമ്പോള്‍…

53
എ.എം അബ്ദുള്ള

എ.എം എന്ന രണ്ടക്ഷരം യുഎഇയിലെ, പ്രത്യേകിച്ച് ദുബൈയിലെ മലയാളികള്‍ക്കിടയില്‍ കാലമെത്ര കഴിഞ്ഞാലും മായാതെ നിലനില്‍ക്കുന്ന ഒരു നാമമാണ്. എ.എം അബ്ദുള്ള എന്ന മലപ്പുറം അബ്ദുള്ളാക്കയെ അറിയാത്തവരായി ഇവിടെ ആരും ഉണ്ടാവില്ല. ഹരിത രാഷ്ട്രീയത്തിന്റെ പടക്കുതിരയായി നാട്ടില്‍ പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് പ്രവാസത്തിലേക്ക് കാലെടുത്ത് വെച്ച് ദുബൈയില്‍ എത്തുന്നത്. പ്രവാസ ഭൂമികയില്‍ എത്തപ്പെട്ടപ്പോഴും താന്‍ നെഞ്ചേറ്റി നടന്ന പ്രസ്ഥാനത്തിന്റെ കാവലാളായി ദുബൈയിലും എ.എം പ്രവര്‍ത്തന പാതയില്‍ ഊര്‍ജസ്വലതയോടെ നിന്നു. സാമാന്യം ഭേദപ്പെട്ട ഒരു കമ്പനിയില്‍ ഭേദപ്പെട്ട ശമ്പളം വാങ്ങി തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കെ തന്നെ, തന്റെ പ്രസ്ഥാന ബന്ധുക്കളെ തേടിപ്പിടിച്ച് വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ എ.എമ്മിന് സാധിച്ചിട്ടുണ്ട്. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെ തന്റെ കര്‍മരംഗം അദ്ദേഹം മികവുറ്റതാക്കി.
ഇന്നത്തെ കാലം പോലെ ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത അക്കാലത്ത് എ.എമ്മിനെ പോലുള്ള കര്‍മയോഗികള്‍ പടുത്തുയര്‍ത്തിയ പ്‌ളാറ്റ്‌ഫോമിലാണ് നാമിന്ന് നിലകൊള്ളുന്നത്. ആത്മാര്‍ത്ഥത, അതൊന്നു മാത്രമായിരുന്നു അന്നത്തെ നേതാക്കളുടെ കൈമുതല്‍. ദുബൈയിയിലെ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു മലയാളി, അല്ലെങ്കില്‍ ഒരിന്ത്യക്കാരന്‍ പ്രയാസം നേരിടുന്നുവെന്നറിഞ്ഞാല്‍ അവിടെ ഓടിയെത്തി അവരെ സഹായിക്കാന്‍ എ.എമ്മിനെ പോലുള്ളവര്‍ അക്കലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാനാകുന്നതല്ല. അതുപോലെ തന്നെ, നാട്ടില്‍ നിറയെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എ.എമ്മിലൂടെ നടന്നിട്ടുണ്ട്.
റമദാന്‍ കാലങ്ങളില്‍ എ.എം നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ തന്നെ അതിന് മാതൃകയായിരുന്നു. കിലോമീറ്ററുകള്‍ നടന്നും വാഹനത്തില്‍ പോയും ഫണ്ട് ശേഖരണം നടത്തുന്നത് എ.എമ്മിന്റെ പ്രത്യേകതയായിരുന്നു. എ.എമ്മിന്റെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണമെങ്കില്‍ സംഘാടകര്‍ക്ക് ഏറെ ആശ്വാസമാണ്. കാരണം, അന്നത്തെ ഉദാര മനസ്‌കരില്‍ പലരും എ.എമ്മിനുള്ള വിഹിതം നേരത്തെ തന്നെ മാറ്റി വെച്ചിട്ടുണ്ടാകും. എ.എം ഒന്നുവന്നാല്‍ മതി, ഫണ്ട് റെഡിയാണവിടെ. സ്വന്തം നാടായ താനൂരില്‍ പാവപ്പെട്ട കടലോര വാസികള്‍ക്ക് വറുതിയുടെ കാലത്ത് എ.എമ്മിന്റെ കൈത്താങ്ങ് വളരെയേറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാഹങ്ങള്‍, രോഗികള്‍, ഭവന രഹിതര്‍ തുടങ്ങി ഒട്ടനേകം മേഖലകളില്‍ ഓരോ റമദാന്‍ കഴിയുമ്പോഴും എ.എമ്മിന്റെ വലിയൊരു സഹായ ഹസ്തം എത്തിയിട്ടുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് എ.എമ്മിനെ പോലുള്ള വ്യക്തിത്വങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചത്.
സംഘടനാ രംഗത്ത് ചന്ദ്രിക റീഡേഴ്‌സ് ഫോറം മുതല്‍ കെഎംസിസിയുടെ പ്രവര്‍ത്തന രംഗത്ത് കര്‍മോല്‍സുകനായി എ.എം എന്നും മുന്നണിയില്‍ തന്നെയായിരുന്നു. മണ്ഡലം ഭാരവാഹി മുതല്‍ കേന്ദ്ര ഭാരവാഹി സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള എ.എം പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ട് തന്നെയായിരുന്നു. നേതാക്കളുമായി അദേദ്യ ബന്ധമായിരുന്നു എ.എമ്മിന്. ആ ബന്ധങ്ങള്‍ ഒന്നും തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്. ആ ബന്ധങ്ങളെല്ലാം നാടിനും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടിയാണ് എ.എം വിനിയോഗിച്ചത്. താനൂര്‍ മൂലക്കല്‍ റോഡ് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഒരു സ്മാരകമാണ്. എ.എമ്മിലൂടെ സമദാനിയുടെ എം.പി ഫണ്ട് വിനിയോഗിച്ചാണ് കുണ്ടും കുഴിയുമായിരുന്ന ആ റോഡ് ടാറിട്ട് ഗതാഗത യോഗ്യമാക്കിയത്. അങ്ങനെ, ഒരു പാട് കാര്യങ്ങള്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലുമല്ലാത്ത എ.എമ്മിന് നാടിന് വേണ്ടി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പാണക്കാട് കുടുംബവുമായും എ.എമ്മിന് ആഴമേറിയ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എ.എമ്മിന്റെ മറ്റൊരു പ്രത്യേകത ഒരു സല്‍ക്കാര പ്രിയനായിരുന്നുവെന്നതാണ്.
നേതാക്കളായാലും സാധാരണ പ്രവര്‍ത്തകരായാലും എ.എമ്മിന്റെ ആതിഥ്യം സ്വീകരിക്കാത്തവരായി ആരും തന്നെ അക്കാലത്ത് ഉണ്ടാവില്ല. സ്വന്തമായി വിവിധ വിഭവങ്ങള്‍ പാകം ചെയ്യുന്നതില്‍ എ.എമ്മിന് പ്രത്യേക പ്രാഗല്‍ഭ്യം തന്നെ ഉണ്ടായിരുന്നു. അതിന്റെ രുചി ഒന്നു വേറെ തന്നെയായിരുന്നു. എ.എമ്മിനെ പോലെ കര്‍മരംഗത്ത് പ്രശോഭിച്ചിരുന്ന നേതാക്കള്‍ കെഎംസിസിക്ക് എന്നും മുതല്‍ക്കൂട്ടായിരുന്നു. അതില്‍ എടുത്ത് പറയേണ്ട വ്യക്തിത്വമായിരുന്നു പി.എ അബ്ബാസ് ഹാജി. കെഎംസിസിയുടെ ഇന്നത്തെ ഓരോ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഇത്തരം നേതാക്കള്‍ക്കുള്ള പങ്ക് ഒരു കെഎംസിസി പ്രവര്‍ത്തകനും വിസ്മരിക്കാന്‍ കഴിയില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മാതൃകയാക്കി മുന്നോട്ട് ഗമിക്കാം. അവരുടെ ആഖിറം അള്ളാഹു ഭാസുരമാക്കി കൊടുക്കട്ടെ ആമീന്‍.
-അഷ്‌റഫ്
കളത്തിങ്ങല്‍പാറ