പൊതുമാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്; കുവൈത്ത് കെഎംസിസി ഹെല്‍പ് ഡെസ്‌ക് സേവനസജ്ജം

     

    കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് ഏപ്രില്‍ 1ന് ആരംഭിക്കാനിരിക്കെ ഇതു ഫസംബന്ധിച്ച വിജ്ഞാപനം കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. അതനുസരിച്ച്, പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കുമെന്ന് റെസിഡന്‍സി അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍മറാഫി പറഞ്ഞു. ഇതനുസരിച്ച്, നിയമ ലംഘകര്‍ക്ക് പിഴയൊന്നും അടക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാം. ഇളവ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് യാത്ര പുറപ്പെടുന്നത് വരെയുള്ള താമസ സൗകര്യവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് പൊതുമാപ്പ് കാലാവധി. പൊതുമാപ്പ് നടപടികള്‍ക്കായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കേന്ദ്രങ്ങളും വിവിധ രാജ്യക്കാര്‍ക്ക് പ്രത്യേക കാലയളവും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. പുരുഷന്മാര്‍ അല്‍മുഥന്ന ബോയ്‌സ് സ്‌കൂളിലും (ഫര്‍വാനിയ, ബ്‌ളോക്ക് 1, സ്ട്രീറ്റ് 122), സ്ത്രീകള്‍ ഫര്‍വാനിയ ഗേള്‍സ് സ്‌കൂളിലും (ഫര്‍വാനിയ ബ്‌ളോക്ക് 1, സ്ട്രീറ്റ് 76) ആണ് ഹാജരാകേണ്ടത്. രാവിലെ എട്ടു മുതല്‍ ഉച്ച രണ്ടു മണി വരെയാണ് പ്രവര്‍ത്തന സമയം. താമസ നിയമ ലംഘകരായ ഇന്ത്യക്കാര്‍ ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള തീയതികളിലാണ് നിശ്ചയിച്ച കേന്ദ്രങ്ങളില്‍ ഹാജരാവേണ്ടത്. കൊറോണ വ്യാപനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാസ്‌കും കൈയുറകളും ധരിച്ചു കൊണ്ടായിരിക്കണം പ്രസ്തുത കേന്ദ്രങ്ങളില്‍ എത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരനുമായി വാട്‌സാപ്പില്‍ ആശയ വിനിമയം നടത്തി. മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പരിഗണനക്കായി വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇമെയില്‍ സന്ദേശമയച്ചു. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ഇല്ലാത്തതും അസുഖമായ ആളുകള്‍ക്ക് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ഫ്‌ളൈറ്റ് ക്രമീകരിക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ പൊതുമാപ്പ് കാലയളവ് നീട്ടാന്‍ കുവൈത്ത് സര്‍ക്കാറിനോടാവശ്യപ്പെടാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.