മേഖലയിലെ കൂറ്റന്‍ ധാന്യ-പയര്‍ സംഭരണ കേന്ദ്രം ഷാര്‍ജയില്‍ തുറന്നു

അറബ് ഇന്ത്യ സ്‌പൈസസ് ഷാര്‍ജ ഹംറിയ ഫ്രീ സോണില്‍ ആരംഭിച്ച പയറു വര്‍ഗ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഷാര്‍ജ സീ പോര്‍ട്‌സ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി നിര്‍വഹിക്കുന്നു

ദുബൈ: അറബ് മേഖലയിലെ ഏറ്റവും വലിയ ധാന്യ സംഭരണ കേന്ദ്രം ഷാര്‍ജയില്‍ ഹംറിയ ഫ്രീസോണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇക്ക്് ആവശ്യമായ മുഴുവന്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും കുറഞ്ഞത് 6 മാസത്തേക്ക് സംഭരിക്കാന്‍ ഇവിടെ സൗകര്യമുണ്ടെന്ന് അറബ് ഇന്ത്യ സ്‌പൈസസ് എം.ഡി ഹരീഷ് തഹലാനി വ്യക്തമാക്കി. ഷാര്‍ജ സീ പോര്‍ട്ട്‌സ് ആന്റ് കസ്റ്റംസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 52,000 മെട്രിക് ടണ്ണിലധികം പയറുവര്‍ഗ്ഗങ്ങള്‍ രാജ്യാന്തര മാനദണ്ഡങ്ങളോടെ സംസ്‌കരിക്കാനും സംഭരിക്കാനും പുതിയ കമ്പനിക്ക് ശേഷിയുണ്ട്. 15 കോടി ദിര്‍ഹത്തിലധികം മുതല്‍മുടക്കിലാണ് രണ്ട് കൂറ്റന്‍ ‘സിലോസ്’ ഒരുക്കിയിട്ടുള്ളത് .തുര്‍ക്കിയില്‍ നിന്നുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് അറബ് ഇന്ത്യ സ്‌പൈസസ് ഉപയാഗിച്ചിട്ടുള്ളത്. യുഎഇ, കാനഡ, തുര്‍ക്കി എന്നിവയാണ് ഈ മെഗാ പദ്ധതിയില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍. കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മേത്തരം പയറുവര്‍ഗങ്ങളും ധാന്യങ്ങളുമെത്തിച്ച് ഇവിടെ സംഭരിക്കും. ഒപ്പം രാജ്യാന്തര നിലവാരത്തില്‍ ഇത് പാക്ക് ചെയ്ത് മാര്‍ക്കറ്റിലെത്തിക്കുന്നു.