ഏഷ്യാ കപ്പ് ക്രിക്കറ്റ് 2020 ദുബായിൽ

62

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ദുബായിൽ വച്ച് നടക്കും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഏഷ്യാ കപ്പ് ഇന്ത്യ ബഹിഷ്കരിക്കും എന്ന് അറിയിച്ചതിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഇതേത്തുടർന്നാണ് പാകിസ്താനിൽ നിന്ന് വേദി മാറ്റിയത്.

നേരത്തെ, ഇന്ത്യ ഏഷ്യാ കപ്പിൽ കളിച്ചില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇന്ത്യ ഇല്ലാതെ ഏഷ്യാ കപ്പ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു തീരുമാനിക്കാമെന്നും ഇന്ത്യയെ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ വേദി പാകിസ്താനിൽ നിന്നു മാറ്റണമെന്നും ബിസിസിഐ പറഞ്ഞു. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താൻ ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്നും വേദി പാകിസ്താനിലാണെങ്കിൽ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട് എടുത്തത്. ഇതേത്തുടർന്ന് ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.