ആസ്റ്റര്‍ വളണ്ടിയേഴ്‌സ്-എമിറേറ്റ്‌സ് എന്‍ബിഡി: പ്‌ളാസ്റ്റിക് മാലിന്യ നീക്കം അല്‍ഖുദ്‌റയില്‍

ദുബൈ: അല്‍ഖുദ്‌റ മരുഭൂമിയിലെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആസ്റ്റര്‍ വളണ്ടിയര്‍മാരും എമിറേറ്റ്‌സ് എന്‍ബിഡി ജീവനക്കാരും കൈ കോര്‍ത്തു. മരുഭൂമിയുടെ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി 181 പേര്‍ പങ്കെടുത്ത ഉദ്യമത്തില്‍ ഏറെ ദോഷകരമായ 79 ബാഗ് മാലിന്യങ്ങള്‍ വരെ ഈ പ്രദേശത്ത് നിന്നും നീക്കം ചെയ്തു. യുഎഇ നിവാസികളുടെ മരുഭൂ യാത്രകള്‍ക്കും രാത്രി ക്യാമ്പിംഗിനുമുള്ള ജനപ്രിയ പ്രദേശമാണ് അല്‍ഖുദ്‌റ മരുഭൂമി. ഈ പ്രദേശത്ത് ഉപേക്ഷിക്കപ്പടുന്ന മാലിന്യങ്ങള്‍ ചുറ്റുമുള്ള പച്ചപ്പിനെയും വന്യജീവികളെയും പ്രതികൂലമായി ബാധിക്കുന്നു. യുഎഇയില്‍ ഒട്ടകങ്ങളുടെ മരണങ്ങളില്‍ 50 ശതമാനവും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ മൂലമാണ് സംഭവിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ”ആവാസ വ്യവസ്ഥയുമായുള്ള നമ്മുടെ ബന്ധം സഹവര്‍ത്തിത്വമാണ്. നമ്മുടെ ഗ്രഹത്തെ നാം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്” -ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തങ്ങളുടെ ഗ്രീന്‍ ചോയ്‌സ് സംരംഭം മനുഷ്യന്റെ ക്ഷേമം മാത്രം മുന്‍നിര്‍ത്തിയുളളതല്ല, നമ്മോടൊപ്പം ഗ്രഹത്തെ പങ്കിടുന്ന പ്രകൃതിദത്ത സസ്യ-ജന്തു ജാലങ്ങളെയും സഹായിക്കുന്ന സുസ്ഥിര അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുളളതാണെന്നും ഡോ. ആസാദ് വ്യക്തമാക്കി. ഈ മഹത്തായ ലക്ഷ്യത്തില്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സുമായി കൈ കോര്‍ക്കാനും അല്‍ഖുദ്‌റ മരുഭൂമിയിലെ ആവാസ വ്യവസ്ഥയില്‍ അര്‍ത്ഥവത്തായ മാറ്റം വരുത്താന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് എമിറേറ്റ്‌സ് എന്‍ബിഡി സീനിയര്‍ വൈസ് പ്രസിഡന്റും എച്ച്ആര്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്‌സ് മേധാവിയുമായ ഫുആദ് ഷൈബാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ 33-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്ഥാപനം ഗ്രീന്‍ ചോയ്‌സ് കാമ്പയിന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിയുന്നത്ര ഉപയോഗം കുറക്കാനും പുനരുപയോഗിക്കാനും പുന:പ്രയോജനം ചെയ്യാനുമുള്ള ലക്ഷ്യത്തോടെ ‘ഗ്രീന്‍ ചോയ്‌സു’കളിലേക്ക് പോകാമെന്ന് 20,000 ജീവനക്കാര്‍ പ്രതിജ്ഞയെടുത്തിരുന്നു.