റസാഖ് ഒരുമനയൂര്‍
അബുദാബി: ചാഞ്ഞും ചാടിയും ഷട്ടില്‍ തട്ടി ആറു വയസ്സുകാരന്‍ സല്‍മാന്‍ മികച്ച കളിക്കാരനായി മാറാനുള്ള തയാറെടുപ്പിലാണ്. തന്റെ ആകര്‍ഷകമായ കളിയിലൂടെ ആരിലും കൗതുകം ജനിപ്പിച്ച് ചുറ്റുമുള്ളവരുടെ ശ്രദ്ധ നേടുന്ന സല്‍മാന്‍ സമീപ ഭാവിയില്‍ ബാഡ്മിന്റണ്‍ രംഗത്ത് ഉയര്‍ന്നു വരുമെന്നതില്‍ സംശയമില്ല.
അബുദാബി മോഡല്‍ സ്‌കൂളിലെ കെജി 2 വിദ്യാര്‍ത്ഥിയാണെങ്കിലും ഇതു വരെ കളിച്ചതും ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തതുമെല്ലാം തന്നെക്കാള്‍ പ്രായവും പക്വതയുമുള്ളവ രോടൊപ്പമാണ്. എന്നിട്ടും പല മത്സരങ്ങളിലും അവരെ പിന്നിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലെ കോര്‍ട്ടിലാണ് സല്‍മാന്‍ എന്ന കുരുന്ന് തന്റെ കുഞ്ഞിക്കൈകളില്‍ ബാറ്റും പിടിച്ച് പൊടി പാറിക്കുന്നത്.
പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ കുഞ്ഞിക്കാലുകള്‍ ഷട്ടിലിനു പിന്നാലെ പായുമ്പോള്‍ കൗതുകം നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആര്‍ക്കും നോക്കി നില്‍ക്കാനാവില്ല. തൃശൂര്‍ ജില്ലയിലെ പാവറട്ടി പുതുമനശ്ശേരി ഷെഫിന്‍-ഷഫീന ദമ്പതികളുടെ മകനാണ് സല്‍മാന്‍. പിതാവിനൊപ്പം ഇസ്‌ലാമിക് സെന്ററിന്റെ കോര്‍ട്ടിലേക്ക് കടന്നു വരുമ്പോള്‍ സല്‍മാന്റെ കൈയിലും ബാറ്റുണ്ടാകും. അത് വെറുതെ വീശി നടക്കാനല്ല, മറിച്ച് ഭാവിയില്‍ മികച്ച താരമായി മാറാനുള്ള പരിശീലനം സ്വയം ആര്‍ജിച്ചെടുക്കാനുള്ള തയാറെടു പ്പിനാണ്.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച അപെക്‌സ് യുഎഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ തന്നെക്കാള്‍ മുതിര്‍ന്നവരോടൊപ്പം കളിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുകയും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു. ഈ മാസം ദുബൈയില്‍ നടക്കുന്ന ഇന്ത്യന്‍ ക്‌ളബ് ടൂര്‍ണമെന്റിലും അടുത്ത മാസം നട ക്കുന്ന സമ്മര്‍ സ്മാഷ് ടൂര്‍ണമെന്റിലും പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സല്‍മാന്‍. കൂടാതെ, വേറെയും രണ്ടോമൂന്നോ മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വെക്കും.
സല്‍മാന്റെ മൂത്ത സഹോദരനും ഒമ്പത് വയസ്സുകാരനുമായ സഫ്‌വാനും ബാഡ്മിന്റണ്‍ കളിയില്‍ മിടുക്കനാണ്. ഇതിനകം നിരവധി മത്സരങ്ങളില്‍ പങ്കാളിയാവുകയും ആവേശം വിതറുകയും ചെയ്തിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ സഫ്‌വാനും കളിക്കാനിറങ്ങുന്നുണ്ട്. സമീപ ഭാവിയില്‍ ഇന്ത്യക്കു വേണ്ടി ലോകത്തിനു മുന്നില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയും വിധമാണ് ഇരുവരും മുന്നേറിക്കൊണ്ടിരിക്കുന്നത്. സല്‍മാന്റെ കുഞ്ഞിക്കൈകളിലെ ബാറ്റും പാഞ്ഞെത്തുന്ന ഷട്ടിലും അന്താരാഷ്ട്ര വേദികളിലേക്ക് കടന്നു ചെല്ലാനുള്ള സൗഭാഗ്യമായി മാറട്ടെയെന്ന പ്രാര്‍ത്ഥനയാണ് കൂട്ടുകാര്‍ക്കും കാണികള്‍ക്കുമുള്ളത്.