ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് രണ്ടാം മരണം സ്ഥിരീകരിച്ചു.

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് രണ്ടാം മരണം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം അല്‍പ്പം മുന്‍പ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 51 വയസുള്ള സ്വദേശി സ്ത്രീയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇറാനില്‍ നിന്ന് ഐസിപിആര്‍ പ്രോഗ്രാം വഴി രാജ്യത്ത് എത്തിച്ചവര്‍ക്കൊപ്പമാണ് ഇവര്‍ എത്തിയത്. രാജ്യത്തുള്ള പൊതുജനങ്ങളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല.

വൈറസ് ബാധയേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

നിലവില്‍ 182 പേരാണ് ബഹ്‌റൈനില്‍ ചികിത്സയില്‍ കഴിയുന്നത്. 149 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 179 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.