ബഹ്‌റൈനിൽ കർഷകർക്ക് മുന്നറിയിപ്പ് : വെട്ടുകിളികൾ ഈ ആഴ്ച എത്തും

18

മനാമ: വെട്ടുകിളികള്‍ ഈ ആഴ്ച്ച ബഹ്‌റൈനിലെത്തുമെന്ന് അഗ്രികള്‍ച്ചര്‍ ആന്റ് മറൈന്‍ റിസോഴ്‌സിന്റെ മുന്നറിയിപ്പ്. വെട്ടുകിളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതോടെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും അഗ്രികള്‍ച്ചര്‍ ആന്റ് മറൈന്‍ റിസോഴ്‌സ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ ചില ഭാഗങ്ങളിലും ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വെട്ടുകിളി ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

വെട്ടുകിളികളെ പ്രതിരോധിക്കാനാവശ്യമായി നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മാസത്തിന്റെ ആദ്യവാരം മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വെട്ടുകിളികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് പെറ്റുപെരുകി വിളകള്‍ക്ക് നാശം സൃഷ്ടിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവയായിരുന്നില്ല.

ആര്‍ത്രോപോഡ (Arthropoda) ഫൈലം, ഇന്‍സെക്ട (Insecta)ക്ലാസ്സ്, ആക്രിഡിഡേ (Acrididae) കുടുംബം, ഓര്‍ത്തപ്‌റ്റെറ (Orthoptera) ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന വലിയ പുല്‍ച്ചാടി(Grasshoper) ഇനങ്ങളെ (species) ആണ് വെട്ടുകിളി (Locust) എന്ന് വിളിക്കപ്പെടുന്നത് . അനുകൂല പരിസ്ഥിതിയില്‍ (ഉയര്‍ന്ന താപം, ഈര്‍പ്പം) വളരെ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ നിംഫു (Nymph) ദശയില്‍ കൂട്ടം ചേര്‍ന്ന്, പൂര്‍ണ വളര്‍ച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കാറുണ്ട്.