ബഹ്‌റൈനില്‍ ഇനി മുതല്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തപാലില്‍ ലഭിക്കും

മനാമ: ബഹ്‌റൈനില്‍ ഇനി മുതല്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തപാലില്‍ ലഭിക്കും. ഇത് സംബന്ധിച്ച് ദ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയും ബഹ്‌റൈന്‍ പോസ്റ്റും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മരണ, ജനന രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറായി കഴിഞ്ഞാല്‍ 24മണിക്കൂറിനകം അത് തപാല്‍ വഴി എത്തിക്കും.

ഇസ ടൗണിലെ ഐ.ജി.എ ഹെഡ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിലാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. പുതിയ നീക്കം നിരവദി പേര്‍ക്ക് ഗുണപ്രദമാകുന്ന നടപടിയാകും. ധാരണാ പത്രം ഐ.ജി.എ ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അലി അല്‍ ഖ്വയ്തും ബഹ്‌റൈന്‍ പോസ്റ്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ബദര്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയുമാണ് ഒപ്പുവെച്ചത്. ചടങ്ങില്‍ ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു