‘ബയാന്‍ പേ’ക്ക് സമയുടെ പൂര്‍ണാനുമതി; ഫിനാബ്ലര്‍ സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ദുബൈ/റിയാദ്: ലോക പ്രശസ്ത ധനവിനിമയ ശൃംഖലയായ ഫിനാബഌറിന്റെ ഭാഗമായ സഊദി അറേബ്യ ആസ്ഥാനമായ ഡിജിറ്റല്‍ പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാവ് ‘ബയാന്‍ പേ’ക്ക് സഊദി അറേബ്യന്‍ മോണിറ്ററി അഥോറിറ്റിയുടെ പൂര്‍ണപ്രവര്‍ത്തനാനുമതി ലഭിച്ചു. ‘സമ’ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ തൃപ്തികരവും വിജയകരവുമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. രാജ്യത്തെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ വാലെ വഴി പണമിടപാടുകള്‍, ഇകൊമേഴ്‌സ്, ചെറുകിട മധ്യ നിര ബിസിനസ് പെയ്‌മെന്റ്‌സ് തുടങ്ങിയ സേവനങ്ങള്‍ ഇതു വഴി സാധ്യമാണ്. തങ്ങളുടെ നിലവിലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബയാന്‍ പേ മുഖേന സഊദി അറേബ്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാണിജ്യ സംരംഭകര്‍ക്കും ആഭ്യന്തര-രാജ്യാന്തര തലങ്ങളില്‍ പണമിടപാടുകള്‍ നടത്താന്‍ ഇതോടെ എളുപ്പത്തില്‍ സാധിക്കും. ഫിനാബഌറിന്റെ ആഗോള തലത്തിലെ വിപുല ശൃംഖലയും പരിചയ സമ്പത്തും വൈദഗ്ധ്യവും ബയാന്‍ പേയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആക്കം കൂട്ടും.
ബയാന്‍ പേയുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ബയാന്‍ പേ ബിസിനസും ബയാന്‍ പേ വാലെയും. സഊദി അറേബ്യയിലെ ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലും, സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലും, ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായി പണമിടപാട് സാധ്യമാക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ്‌സ് സേവന സഞ്ചയികയാണ് ബയാന്‍ പേ ബിസിനസ്. ലോക ബാങ്കിന്റെ കണക്കുകളനുസരിച്ച്, 43 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ രാജ്യാന്തര വിനിമയം നടക്കുന്ന സഊദി അറേബ്യയിലെ ഉപയോക്താക്കള്‍ക്ക് ഫിനാബഌറിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും തടസ്സങ്ങളില്ലാതെ സുരക്ഷിതമായി നിയമാനുസൃത പണമിടപാടിന് സൗകര്യമൊരുക്കുന്ന ഇവാലെ സേവനമാണ് ബയാന്‍ പേ വാലെ.
ദീര്‍ഘ വീക്ഷണപരമായ ഭരണ നയങ്ങളുടെ പിന്‍ബലത്തില്‍ കൃത്യമായ ഔദ്യോഗിക ചട്ടക്കൂടുകള്‍ പാലിച്ച് ത്വരിതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സഊദി അറേബ്യന്‍ വിപണിയുടെ ധനവിനിമയ രംഗത്ത്, കാഷ്‌ലസ് സമൂഹമായി മാറാനുള്ള യത്‌നത്തില്‍ ബയാന്‍ പേ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ഫിനാബഌര്‍ ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സഊദി ഭരണകൂടം പ്രഖ്യാപിച്ച സഊദി വിഷന്‍ 2030 എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാമ്പത്തിക മേഖലാ വികസന പരിപാടിയുടെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നാണ് കാഷ്‌ലസ് സൊസൈറ്റി എന്നത്. ഇതുള്‍പ്പെടെ സഊദി അറേബ്യന്‍ മോണിറ്ററി അഥോറിറ്റിയുടെ പുരോഗമന പരിശ്രമങ്ങളില്‍ പങ്കാളിയാവാനും ശ്രദ്ധേയ സേവനങ്ങള്‍ നല്‍കാനും തങ്ങള്‍ക്ക് ലഭിച്ച അവസരം അഭിമാനകരമാണെന്നും പ്രമോദ് സൂചിപ്പിച്ചു.
ഉപയോക്താക്കള്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സുതാര്യവും സുഖകരവുമായ പണമിടപാടിന് പ്രതലമൊരുക്കുന്നതിലൂടെ ബയാന്‍ പേ സഊദി അറേബ്യന്‍ സാമ്പത്തിക വിനിമയ മേഖലയുടെ ഡിജിറ്റല്‍ ഇടത്തില്‍ വലിയ ചുവട് വെക്കുമ്പോള്‍, ഫിനാബഌറിന്റെ സുദീര്‍ഘ സേവന പാരമ്പര്യവും സാങ്കേതിക നൈപുണ്യവും വിപുല ശൃംഖലയും തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ബയാന്‍ പേ സ്ഥാപകനും ചെയര്‍മാനുമായ ഫഹദ് അല്‍ഫവാസ് പ്രസ്താവിച്ചു. പുതിയ കുതിപ്പിലേക്ക് പ്രവേശിച്ച സഊദി വിപണിയില്‍ സൗകര്യവും സമയ ലാഭവും സുതാര്യതയും സുരക്ഷിതത്വവും തികഞ്ഞ വിനിമയമെന്ന ലക്ഷ്യ സാധ്യത്തിന് സഊദി അറേബ്യന്‍ മോണിറ്ററി അഥോറിറ്റി നടപ്പാക്കുന്ന കാഷ്‌ലസ് സൊസൈറ്റിയെന്ന പ്രയാണത്തില്‍ ബയാന്‍ പേയെ അണിചേര്‍ത്ത ‘സമ’ക്കും പങ്കാളികള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും ഫഹദ് അല്‍ഫവാസ് പറഞ്ഞു.
സഊദി അറേബ്യയിലെ മൊത്തം പണമിടപാടുകളില്‍ 36 ശതമാനം വരുന്ന ചെറുകിട കച്ചവട മേഖലയില്‍ കാഷ്‌സ് പേയ്‌മെന്റ്‌സ് പ്രോത്സാഹിപ്പിക്കുന്ന പുതുസാഹചര്യത്തില്‍, സഊദി വിഷന്‍ 2030 പദ്ധതിയിലൂടെ 2030 ആവുമ്പോഴേക്കും ഇത് 70 ശതമാനമാക്കാന്‍ ലക്ഷ്യമിടുമ്പോള്‍ ഏറ്റവും അനുയോജ്യമായ ഇബിസിനസ് ഡിജിറ്റല്‍ വാലെ സേവന ദാതാവാണ്, റിയാദില്‍ സ്ഥാപിതമായ ബയാന്‍ പേ. ബയാന്‍ പേയുടെ ഭൂരിഭാഗം ഓഹരികളും ലോകപ്രശസ്തമായ ഫിനാബഌര്‍ ഗ്രൂപ് ഈയിടെയാണ് ഏറ്റെടുത്തത്.