ഗുരുതര വീഴ്ച

കോവിഡ് 19 ബാധിച്ച് മൂന്നാറില്‍ നിരീക്ഷണത്തിലിരുന്ന
വിദേശി കൊച്ചിയിലെത്തി വിമാനം കയറി

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടിഷ്  സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ എത്തി ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. സംഭവം മണിക്കൂറുകളോളം വിമാനത്താവളത്തിലെ മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.  മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലെ അംഗമാണിയാള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലെ മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ ഭാര്യക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുമ്പോഴും ഇക്കാര്യം റിസോര്‍ട്ട് അധികൃതരോ വിമാനത്താവള അധികൃതരോ അറിഞ്ഞില്ല. ഇയാള്‍ രോഗ ബാധിതനാണന്ന് തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റി. വിമാനം ടേക് ഓഫിനെടുക്കുന്നതിന് കേവലം 15 മിനിറ്റ് മുമ്പാണ് കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് സ്വദേശി നെടുമ്പാശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പോലും അറിയുന്നത്.  വിമാനം പിടിച്ചിടാന്‍ കളക്ടറുടെ നിര്‍ദേശമെത്തുമ്പോള്‍ മുഴുവന്‍ യാത്രക്കാരുടേയും ബോര്‍ഡിങ് പൂര്‍ത്തിയായിരുന്നു. സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ  തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്ന് കണ്ടെത്തിയത്. ഇതോടെ വിമാനത്തിലെ മറ്റു യാത്രക്കാര്‍ ആശങ്കയിലായി. വിമാനത്താവളത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അതുണ്ടായില്ല. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബ്രിട്ടനില്‍ നിന്നുള്ള 19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാന്‍ വിമാനക്കമ്പനി തയാറായതോടെയാണ് മറ്റുള്ളവരുടെ യാത്രാ തടസ്സം നീങ്ങിയത്. തുടര്‍ന്ന് മറ്റ് 270 യാത്രക്കാരുമായി ഉച്ചക്ക് 12.47നാണ് എമിറേറ്റ്‌സ് വിമാനം പറന്നുയര്‍ന്നത്.  ബ്രിട്ടീഷ് സംഘത്തെ കൂടാതെ ഒരു യാത്രക്കാരന്‍ സ്വമേധയാ യാത്ര ഒഴിവാക്കി.   പരിശോധനാ വിവരങ്ങള്‍ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതര്‍ക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം.
തുടര്‍ന്ന് രോഗബാധിതനെയും ഭാര്യയെയും പ്രത്യേക ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ സ്വകാര്യ ഹോട്ടലില്‍ കര്‍ശന നിരീക്ഷണത്തിലാണ്. സംഘത്തില്‍ ഉള്‍പ്പെടാത്ത മറ്റൊരാളെ വീട്ടില്‍ താമസിച്ചുള്ള നിരീക്ഷണത്തിലാക്കി.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് അടക്കമുള്ള പരിശോധന ശക്തമാണന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ്  ഗുരുതര വീഴ്ചയുണ്ടായത്. കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ അപര്യപാപ്തമായ  പരിശോധനയെ കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.  സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അണുവിമുക്തമാക്കി. നേരത്തെ ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡെസ്‌ക്കുകളുടെ എണ്ണം കൂട്ടി.
കെടിഡിസിയുടെ മൂന്നാര്‍ ടീ കൗണ്ടി റിസേര്‍ട്ടില്‍  താമസിച്ചിരുന്ന  ബ്രിട്ടീഷ് പൗരനും സംഘവും  പത്താം തീയതി  മുതല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.  ആദ്യഘട്ട പരിശോധനയില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഹോട്ടല്‍ അധികൃതരുടെ വീഴ്ച  മുതലെടുത്ത് ഇയാളടങ്ങിയ സംഘം കൊച്ചിയിലെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കാലത്ത് രണ്ടാമത്തെ പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടെയാണ് ഇയാള്‍ മുങ്ങിയ വിവരം പോലും അധികൃതര്‍ അറിയുന്നത്.
ഈ മാസം ആറിന് ഉച്ചക്ക് 12.40നാണ്  ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലില്‍ താമസിച്ചു. എട്ടിന് അതിരപ്പിള്ളി സന്ദര്‍ശിച്ച് അതിരപ്പിള്ളി റെസിഡന്‍സിയില്‍ നിന്നു പ്രഭാത  ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് ചെറുതുരുത്തിയിലും എത്തി. അതിനു ശേഷമാണ് മൂന്നാറിലേക്ക് തിരിച്ചത്. ലണ്ടന്‍ സ്വദേശി തങ്ങിയ ഹോട്ടലില്‍ അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഹോട്ടല്‍  ജീവനക്കാരോട്  നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘം സന്ദര്‍ശിച്ച മറ്റു സ്ഥലങ്ങളെ കുറിച്ച് വിവരങ്ങളും  ശേഖരിക്കുന്നുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും നിര്‍ദേശമുണ്ട്. ഈ മാസം എട്ടിനാണ് സംഘം ചെറുതുരുത്തി സന്ദര്‍ശിച്ചത്.  ഭാരതപ്പുഴയുടെ തീരത്തെ റിസോര്‍ട്ടില്‍ അവര്‍ ഒരു ദിവസം താമസിച്ചു. അവിടെ 11 റൂമുകളാണ് ബുക്ക് ചെയ്തിരുന്നത്. ചെറുതുരുത്തിയിലെ ഒരു സ്വകാര്യ കഥകളി കേന്ദ്രം സന്ദര്‍ശിച്ചതായും രണ്ട് ഷോപ്പുകളില്‍ കയറിയതായും വിവരമുണ്ട്. ടൂറിസ്റ്റ് ബസ്സിലാണ് 19 പേരടങ്ങുന്ന സംഘം ചെറുതുരുത്തിയിലെത്തിയത്. റിസോര്‍ട്ടില്‍ നിന്ന് ഭാരതപ്പുഴ കാണാനിറങ്ങിയ സംഘം ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതായും പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. സംഘം താമസിച്ച റിസോര്‍ട്ടും അതിലുള്ള ബാറും അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദ്ദേശം നല്‍കി. റിസോര്‍ട്ടിലെ ജീവനക്കാരോട് റിസോര്‍ട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം.